kozhikode local

ഓഖി: നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍

വടകര: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. രാത്രിസമയങ്ങളിലാണ് ശക്തമായ കാറ്റോടുകൂടി കടല്‍ക്ഷോഭം ഉണ്ടാവുന്നത്. വടകര സാന്‍ഡ്ബാങ്ക്‌സ് മുതല്‍ അഴിയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി രാത്രിയോടെ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ തീരത്തോട് ചേര്‍ന്നുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികളെടുത്തു.
ശനിയാഴ്ച്ച അര്‍ധരാത്രിയോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വടകരയിലെ തീരവാസികളായ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പത്ത് കുടുംബങ്ങളില്‍ പെട്ട 40 പേരെ താഴേ അങ്ങാടി സൈക്ലോണ്‍ ഷെല്‍ട്ടറിലും, 35 കുടുംബങ്ങളിലെ 150 പേരെ ബന്ധുവീടുകളിലും മാറ്റിപ്പാര്‍പ്പിച്ചു. ചോറോട് വില്ലേജിലെ 12 കുടുംബങ്ങളില്‍പ്പെട്ട 41 പേരെ റിഫാനിയ മദ്രസയില്‍ താമസിപ്പിച്ചു. 45 കുടുംബങ്ങളിലെ 160 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.
അഴിയൂര്‍ വില്ലേജിലെ ഒരു കുടുംബത്തിലെ നാല് പേരെ ബന്ധുവീടുകളില്‍ താമസിപ്പിച്ചു.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് കുരിയാടിയിലും, പള്ളിത്താഴയിലുമായി നൂറിലധികം കുടുംബങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്. ഇവിടങ്ങളില്‍ കടല്‍ഭിത്തി തീരെ ഇല്ലാത്തതാണ് കടല്‍ കയറാനുള്ള പ്രധാന കാരണം. തീരദേശത്തെ പല ഭാഗങ്ങളിലും റോഡുകള്‍ തകരുകയും, വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലുമാണ്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ പ്രദേശം ഇരുട്ടിലായത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സം നേരിട്ടു. ഇന്നലെ കടല്‍ പൊതുവേ ശാന്തമായെങ്കിലും വൈകുന്നരേത്തോടെ തുടങ്ങിയ കാറ്റും, ചില സമയങ്ങളില്‍ ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകള്‍ തീരദേശവാസികളെ ആശങ്കയിലാഴ്ത്തി.
അതേസമയം ജാഗ്രത മുന്നറിയിപ്പ് ഇന്നലെയും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഒഴിപ്പിക്കാനാവശ്യമായ ഏത് സാഹചര്യം നേരിടാനും പൊലിസ്, റവന്യു, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവ സജ്ജരായിട്ടുണ്ട്. എന്നാല്‍ പൊലിസും മറ്റു ബന്ധപ്പെട്ടവരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ ശ്രദ്ദ ചെലുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പൊതുനങ്ങള്‍ പൊലീസിന്റെ നിര്‍ദേശം തള്ളിയത്. എന്നാല്‍ ഇത് പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും കൂടി പറഞ്ഞപ്പോഴാണ് മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറായത്.
കടല്‍ക്ഷോഭം നടന്ന പ്രദേശങ്ങളില്‍ എയ്ഞ്ചല്‍സ് നടത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനം ശ്രദ്ധേയമായി. മുകച്ചേരി ഭാഗത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയാണ് ചെയ്തത്. തഹസില്‍ദാര്‍ പി കെ സതീഷ്‌കുമാര്‍, എയ്ഞ്ചല്‍സ് സംസ്ഥാന ഡയരക്ടര്‍ കെഎം അബ്ദുള്ള, ജില്ല എക്‌സിക്യുട്ടീവ് ഡയരക്ടര്‍ പി പി രാജന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
ജനപ്രതിനിധികളുടെ യോഗം ഇന്ന്
വടകര: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വടകരയിലെ തീരദേശ മേഖലയിലടക്കം കടലാക്രമണം ശക്തമായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ജനപ്രതിനിധികളുടെ യോഗം വിളിച്ചു.
ഇന്ന് കാലത്ത് 11 മണിക്ക്  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
Next Story

RELATED STORIES

Share it