Flash News

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്ക് അതത് സമയങ്ങളില്‍ നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഓഖി ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തു. നാശനഷ്ടം വിലയിരുത്താനായി കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളും അംഗീകരിക്കാതെ രാജ്‌നാഥ് സിങ് പ്രസംഗം അവസാനിപ്പിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം, മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കണം, അടിയന്തരമായി സമഗ്രമായ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്. ഓഖി മുന്നറിയിപ്പിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നത് അവസാനിപ്പിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഴ്ചയുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി സഭയില്‍ ആവശ്യപ്പെട്ടു.കാലാവസ്ഥ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നതിനായി 20 കോടി രൂപ മുടക്കി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിന് എന്തുപറ്റിയെന്ന് ശശി തരൂര്‍ എംപി ചോദിച്ചു. അമേരിക്കയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രവുമായി പങ്കാളിത്തമുണ്ടായിട്ടും എന്തുകൊണ്ട് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനായില്ലെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it