ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം: ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മോശപ്പെട്ട അരിയാണ് നല്‍കുന്നതെന്ന് പരാതിയുണ്ട്. തീരദേശത്ത് ഫുഡ്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിര്‍ദേശം പരിഗണിക്കാമെന്ന് സര്‍വ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. തീരപ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് 2000 രൂപ ധനസഹായം നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും അതും നല്‍കിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തയ്യാറാവാതെ പ്രതിപക്ഷത്തെ കുറ്റം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഓഖി മുന്നറിയിപ്പ് ലഭിച്ചിട്ടും കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയ സര്‍ക്കാരിന്റെ  വീഴ്ച മറച്ചുവയ്ക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്  മുന്നിലും ശ്രമിച്ചത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേന്ദ്ര ആഭ്യന്തര വകുപ്പ്, ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങിയ ഏജന്‍സികള്‍ നവംബര്‍ 28, 29, 30 തിയ്യതികളില്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് ഈ ദുരന്തത്തിന് കാരണമായത്. 29ന് ഏഴ് പ്രത്യേക ബുള്ളറ്റിനുകള്‍ ലഭിച്ചതായി ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് വിലക്കണമെന്നാണ് ഏഴ് ബുള്ളറ്റിനുകളിലും നിര്‍ദേശിച്ചിരുന്നത്. അത് ചെയ്തില്ല. 30ന് രാവിലെ 8.30ന് തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പ് ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും ഒന്നും ചെയ്യാതെ വിലപ്പെട്ട നാല് മണിക്കൂര്‍ നഷ്ടപ്പെടുത്തി. ഇത്രയൊക്കെ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും അതേ അലംഭാവം തുടരുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it