ഓഖി ദുരിതാശ്വാസം കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും നല്‍കണമെന്നു മല്‍സ്യമേഖലയിലെ വിവിധ ട്രേഡ് യൂനിയനുകളുടെയും സാമൂഹിക-സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ മരിച്ച ഇനിയും തിരിച്ചറിയാത്ത 37 മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ അടിയന്തരമായി ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടെത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം നിര്‍ദേശിച്ചു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് പൂര്‍ണമായും ഓഖി ദുരന്തത്തിനിരയായ തീരദേശ മേഖലയില്‍ ചെലവഴിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാര്‍ഷിക ബജറ്റുകളില്‍ മല്‍സ്യമേഖല വികസനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളി മേഖലയുടെയും തീരദേശത്തിന്റെയും വിഷയങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ മല്‍സ്യത്തൊഴിലാളി സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വി ദിനകരന്‍, പുല്ലുവിള സ്റ്റാന്‍ലി, ഓസ്റ്റിന്‍ ഗോമസ്, ഉമര്‍ ഒട്ടുമ്മല്‍, ടി പീറ്റര്‍, സോളമന്‍ വെട്ടുകാട്, എന്‍ പി രാധാകൃഷ്ണന്‍, ഷാജി ജോര്‍ജ്, കൗണ്‍സിലര്‍ ബീമാപ്പള്ളി റഷീദ്, അതിരൂപത ദുരന്തനിവാരണ ജനറല്‍ കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, കടല്‍ വൈസ് ചെയര്‍മാന്‍ പ്ലാസിഡ് ഗ്രിഗറി സംസാരിച്ചു.
Next Story

RELATED STORIES

Share it