ഓഖി: ദുരന്ത നിവാരണ അതോറിറ്റിക്കെതിരായ ഹരജി തള്ളി

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റ് നേരിടുന്നതില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ചപറ്റിയെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തൃശൂര്‍ ആസ്ഥാനമായ മലയാളവേദി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ദുരന്ത നിവാരണം നിയമപരമായി നടത്താന്‍ ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഈ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹരജി തള്ളി കോടതി പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ ആവലാതികളില്‍ ആശങ്കയുണ്ടായിരുന്നെങ്കില്‍ ഹരജിക്കാരന്‍ സര്‍ക്കാരിനെയോ മറ്റ് ഫോറങ്ങളെയോ സമീപിക്കണമായിരുന്നു. ഇത് ചെയ്ത ശേഷം പരിഹാരമില്ലെങ്കില്‍ മാത്രമേ കോടതിയെ സമീപിക്കാന്‍ പാടുള്ളൂ. അതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു. ദുരന്ത നിവാരണത്തിന് വിവിധ വകുപ്പുകള്‍ തമ്മില്‍ ധാരണയുണ്ടായില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അവഗണിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു വളരെ ചെറിയ തുകയാണ്. നാശനഷ്ടങ്ങളുണ്ടായവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ വാദങ്ങളും ഹരജിക്കാരന്‍ മുന്നോട്ടുവച്ചിരുന്നു.
Next Story

RELATED STORIES

Share it