ernakulam local

ഓഖി ദുരന്തത്തിന്റെ കെടുതികള്‍ വര്‍ധിക്കാന്‍ ഇടയാക്കി: എസ്ഡിപിഐ

കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥയാണ് ഓഖി ദുരന്തത്തിന്റെ കെടുതികള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അയക്കല്‍. ഓഖി ദുരന്തത്തിനിരയായ ചെല്ലാനം പ്രദേശത്തെ വീടുകളും ദുരിതബാധിത കുടുംബങ്ങള്‍ താമസിക്കുന്ന ആശുപത്രിയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റുണ്ടായി രണ്ടാഴ്ച പിന്നിട്ടതിന് ശേഷവും സര്‍ക്കാറിന്റെ കെടുകാര്യസ്ഥത തുടരുകയാണ്. തീരപ്രദേശങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലും കടുത്ത നിരാശയിലുമാണ്. കടല്‍ വീണ്ടും പ്രക്ഷ്ബ്ദുമാവുമെന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ പരിഭ്രാന്തി മാറിയിട്ടില്ല. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. കൊടുത്ത റേഷന്‍ തന്നെ പലര്‍ക്കും കൃത്യമായി ലഭിച്ചിട്ടില്ല. സന്നദ്ധ സംഘടനകളും കോളജ് വിദ്യാര്‍ഥികളും ചേര്‍ന്ന് കടല്‍ കയറി ഉപയോഗശൂന്യമായ വീടുകള്‍ വൃത്തിയാക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന സഹായ വിതരണത്തില്‍ വിവേചനം കാണിക്കുന്നു. മല്‍സ്യത്തൊഴിലാളി ക്ഷേമ നിധിയില്‍ അംഗമല്ലാത്തവര്‍ക്ക് സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ജാതിയും മതവും തൊഴിലും നോക്കിയല്ല ചുഴലിക്കാറ്റ് ദുരിതം വിതച്ചത്. ധനസഹായം ലഭിക്കാന്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതല്ല തീരദേശത്തെ സ്ഥിതി. സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ വെറും പ്രഹസനമായി മാറുകയാണ്. ഇപ്പോഴത്തെ മെല്ലേപ്പോക്ക് അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇച്ഛാശക്തിയോടെയുള്ള നടപടിയാണുണ്ടാവേണ്ടത്. വിവിധ സംസ്ഥാനങ്ങളെ ബാധിച്ച ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ തടസ്സമെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് നീതി ലഭിക്കാന്‍ എസ്ഡിപിഐ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും റോയി അറയ്ക്കല്‍ പറഞ്ഞു. എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നേതാക്കളായ നാസര്‍ എളമന, ഷെമീര്‍ മാഞ്ഞാലി, അജ്മല്‍ കെ മുജീബ്, ജോണ്‍സണ്‍ ചെല്ലാനം, മനാഫ് കൊച്ചി, ഷാഹിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it