kozhikode local

ഓഖി ദുരന്തം: മരണസംഖ്യ ഭീതിജനകമാംവിധം ഉയരുന്നു

ബേപ്പൂര്‍: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ ഉയരുന്നു. കോഴിക്കോട്് കടലില്‍ നിന്നു ഇന്നലെ 9 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കടലില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് മല്‍സ്യ തൊഴിലാളികള്‍ പറയുന്നത്. ഇന്നലെ കണ്ടെത്തിയ 8 മൃതദേഹങ്ങള്‍ ബേപ്പൂരില്‍ എത്തിച്ചു. ഒരു മൃതദേഹം പുതിയാപ്പയിലുമാണ് എത്തിച്ചത്. പൊന്നാനിക്കും പരപ്പനങ്ങാടിക്കും  ഇടയില്‍ ഇനിയും മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലിസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഈ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണതായവര്‍ക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ബേപ്പൂരില്‍നിന്നു മല്‍സ്യബന്ധനത്തിനു പോയവരാണ് ഇന്നലെ അതിരാവിലെ തന്നെ രണ്ട് മൃതദേഹം കണ്ടതായി വിവരമറിയിച്ചത്. ബേപ്പൂരില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മറ്റൊന്നുകൂടി കണ്ടെത്തി. ആദ്യം കണ്ടെത്തിയ രണ്ട് മൃതദേഹവുമായി ഉച്ചക്ക് 11.30ന് മല്‍സ്യത്തൊഴിലാളികള്‍ സെന്റ് ആന്റണീസ്  എന്ന ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ തോണിയില്‍ ഹാര്‍ബറില്‍ എത്തി. 12 മണിക്ക് ഒരു മൃതദേഹവും കൂടി  ചെറിയ തോണിയില്‍ കരയ്‌ക്കെത്തിച്ചു. അരമണിക്കൂറിനുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടില്‍ 3 മൃതദേഹവും ബേപ്പൂര്‍ ഹാര്‍ബറില്‍ കൊണ്ടുവന്നു. 1.30ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഗോള്‍ഡ ന്‍ ബോട്ടില്‍ രണ്ട് മൃതദേഹം കൂടി എത്തി.വൈകീട്ട്  കോസ്റ്റ് ഗാര്‍ഡിന്  ലഭിച്ച ഒരു മൃതദേഹം പുതിയാപ്പയിലേക്ക് എത്തിക്കുകയും അവിടെ നിന്ന്് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇന്നലെ ഒമ്പത് മൃതദേഹങ്ങളാണ് കരയ്‌ക്കെത്തിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും, മറൈന്‍ പോലിസും മല്‍സ്യതൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചില്‍ ഇരുട്ടാകുന്നത് വരെ തുടര്‍ന്നു. കടലില്‍ കൂടുതല്‍ മൃതദേഹം ഉണ്ടെന്നാണ് തിരച്ചിലിനുപോയ മല്‍സ്യതൊഴിലാളികള്‍ പറയുന്നത്. അതിരാവിലെയുള്ള കടലിലെ ശക്തമായ മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് അല്‍പം തടസ്സമാകുന്നുണ്ട്. ഇന്നലെ ബേപ്പൂരില്‍നിന്ന് ലഭിച്ച ചൊവ്വാഴ്ച കണ്ടെത്തിയ 8 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുള്‍പ്പെടെ 17 മൃതദേഹങ്ങളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it