ഓഖി ദുരന്തം: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പൂന്തുറ സ്വദേശികളായ ഡെന്‍സണും ജോസഫും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസേടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തി. ദുരന്തത്തിലെ മരണകാരണം ഉേദ്യാഗസ്ഥരുടെ വീഴ്ചയാണെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ കോടതി എതിര്‍കക്ഷികള്‍ക്കെതിരേ നിയമ നടപടി എടുക്കാന്‍ അനുമതി തേടി സര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, കേരളത്തിലെ ദുരന്തനിവാരണ മെംബര്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നിവരാണ് ഹരജിയിലെ എതിര്‍കക്ഷികള്‍. ചുഴലിക്കാറ്റ് സംബന്ധിച്ച് 2017 നവംബര്‍ 29ന് പകല്‍ 11.50ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് അറിയിച്ചില്ലെന്നും അതിനാല്‍ ഇവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണമെന്നാണു കോസ്റ്റല്‍ ഏരിയാ ലീഡേഴ്‌സ് ഫോറം നേതാവ് വേളി വര്‍ഗീസ് നല്‍കിയ ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it