malappuram local

ഓഖി ചുഴലിക്കാറ്റ് ഭീതിയില്‍ തീരദേശം; മല്‍സ്യ ബന്ധന യാനങ്ങള്‍ കരയ്‌ക്കെത്തി തുടങ്ങി

പൊന്നാനി/എടക്കര: കേരള തീരത്തെ ഭീതിയിലാക്കി വീശിയടിക്കുന്ന ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയിലെ വള്ളിക്കുന്ന് മുതല്‍ കാപ്പിരിക്കാട് വരെയുള്ള കടലോര മേഖല ഭീതിയുടെ നിഴലില്‍. രാവിലെ മുതല്‍ കനത്ത കാറ്റാണ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുന്നത്. കൂടാതെ രാവിലെ മുതല്‍ മാനം കറുത്തതും ആശങ്കയ്ക്കിടയാക്കി. 2004ലെ സുനാമി ആവര്‍ത്തിക്കുമെന്ന പ്രചരണം സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചതും ആശങ്ക വര്‍ധിക്കാനിടയായി. ഇതിനിടെ തമിഴ്‌നാട്ടില്‍ സുനാമി മുന്നറിയിപ്പെന്ന പേരില്‍ പ്രചരിച്ച വീഡിയോയും തീരവാസികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു. എന്നാല്‍, ഉച്ചയോടെ വീഡിയോ വ്യാജമാണെന്ന് മനസ്സിലായത് ഏറെ ആശ്വാസമായി. പൊന്നാനി ഫിഷറീസ് ഓഫിസ് കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ബോട്ടും ജീവനക്കാരെയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കടലിലിറങ്ങിയ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് യാനങ്ങള്‍ ഉച്ചയോടെ കരയ്‌ക്കെത്തി. കണ്‍ട്രോള്‍ റൂമുമായി 949600703 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡിഡി അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് നാടുകാണിച്ചുരത്തിലും വ്യാപക നാശത്തിനിടയാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറ്റില്‍ മരം കാറിന് മുകളില്‍ വീണ് നിലമ്പൂര്‍ സ്വദേശികളായ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മരങ്ങള്‍ വീണ് അന്തര്‍ സംസ്ഥാന പാതയില്‍ പലയിടത്തും ഗതാഗത തടസ്സങ്ങളുണ്ടായി. നാടുകാണിച്ചുരം വഴിയുള്ള വാഹനയാത്ര ഭീതിജനകമായ അവസ്ഥയിലാണ്. ശക്തമായ കാറ്റില്‍ ഒന്നാം വളവിന് മുകള്‍ ഭാഗംതൊട്ട് മുളങ്കൂട്ടങ്ങളും മരങ്ങളും വ്യാപകമായി പാതയിലേക്ക് പതിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയും നാട്ടുകാരും വഴിക്കടവ് പോലിസും ചേര്‍ന്നാണ് തടസ്സങ്ങള്‍ നീക്കിയത്. ശക്തമായ കാറ്റില്‍ മരം പൊട്ടിവീണ് എരുമമുണ്ട അമ്പലപ്പടിയിലെ തണ്ടാപ്പിള്ളില്‍ കുര്യക്കോസിന്റെ വീട്് തകര്‍ന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മേഖലയില്‍ കാറ്റ് ആഞ്ഞുവീശിയത്.
Next Story

RELATED STORIES

Share it