kasaragod local

ഓഖി ചുഴലിക്കാറ്റ്: നെഞ്ചിടിപ്പ് മാറാതെ തീരദേശവാസികള്‍

കാസര്‍കോട്/മഞ്ചേശ്വരം/നീലേശ്വരം: കേരളത്തിന്റെ തെക്കന്‍ ജില്ലകളെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് ജില്ലയിലെ തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ കടല്‍ പ്രക്ഷുബ്ധമാവുമെന്നും തിരമാലകള്‍ 6.1 മീറ്ററില്‍ ഉയരത്തില്‍ അടിക്കുമെന്നുമുള്ള കാലാവസ്ഥ റിപോര്‍ട്ടിനെ തുടര്‍ന്ന് റവന്യു-പോലിസ് അധികൃതര്‍ ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മുന്‍കരുതല്‍ ഒരുക്കി. ഇന്നലെ രാവിലെ പോലിസ് സേന കടലോര പ്രദേശങ്ങളില്‍ എത്തി ഉച്ചഭാഷിണിയിലൂടെ അപകട മുന്നറിയിപ്പ് നല്‍കി.
ഇതോടെ മല്‍സ്യതൊഴിലാളികളടക്കമുള്ളവര്‍ ഏറെ പരിഭ്രാന്തിയിലായി. ഉപ്പള അദീക്കയില്‍ പൊടുന്നനെയുണ്ടായ കടല്‍ക്ഷോഭത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകരുകയും ഏതാനും തെങ്ങുകള്‍ കടലെടുക്കുകയും ചെയ്തു.
അദിക്കയിലെ അബ്ദുല്‍ ഖാദറിന്റെ വീടാണ് തകര്‍ന്നത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് മുസോടി യിലെ രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഏതാനും തെങ്ങുകളും കടലെടുത്തു. അബ്ദുല്‍ ഖാദര്‍ ഷേഖ്, ഇബ്രാഹിം, നബീസ, അഷ്‌റഫ് എന്നിവരുടെ വീടുകള്‍ ആക്രമണഭീഷണയിലാണ്.
നീലേശ്വരം അഴിത്തല കടപ്പുറത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുതിയവളപ്പ് കടപ്പുറത്തെ സുനിലി (40)നെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും നേവിയുടെ ഹെലികോപ്റ്ററും ഇന്നലെ വൈകീട്ടോടെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
അതിനിടെ  കടലില്‍ മുങ്ങിയെന്ന് സംശയിക്കുന്ന മല്‍സ്യബന്ധന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകീട്ടോടെ കരക്കടിഞ്ഞു.
അതിനിടെ  കാണാതായ സുനിലിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധിച്ച് മല്‍സ്യതൊഴിലാളികള്‍ കാഞ്ഞങ്ങാട് മീനാപ്പീസിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് സ്ത്രീകളടക്കമുള്ള 100 കണക്കിന് തൊഴിലാളികള്‍ ഓഫിസ് ഉപരോധിച്ചത്. കാസര്‍കോട് ചേരങ്കൈയില്‍ 15 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.
ഇവിടെ കൂറ്റന്‍ തിരമാലകള്‍ കടല്‍ തീരത്ത് എത്തിയതിനാല്‍ കരയിടിച്ചില്‍ ഭീഷണിയുമുണ്ട്. കടലിന് നിറവിത്യാസമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ജില്ലയില്‍ ആകാശം മേഘാവൃതമായിരുന്നു. എന്നാല്‍ ഇടക്കിടെ ശക്തമായ കാറ്റടിച്ചു.
Next Story

RELATED STORIES

Share it