thrissur local

ഓഖി ചുഴലിക്കാറ്റ്: തീരങ്ങളില്‍ വറുതിയുടെ നാളുകള്‍

കൊടുങ്ങല്ലൂര്‍: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരങ്ങളില്‍ വറുതിയുടെ നാളുകള്‍. അഴീക്കോട് മുനമ്പം മല്‍സ്യ ബന്ധന മേഖലയില്‍ നിന്ന് മല്‍സ്യ ബന്ധന യാനങ്ങള്‍ കടലില്‍ ഇറങ്ങാന്‍ കഴിയാത്തതാണ് മല്‍സ്യതൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കിയത്.
കടലിലേക്ക് പോകാന്‍ തുനിഞ്ഞ വള്ളങ്ങളെ തീരദേശ സുരക്ഷാ സേന തിരിച്ചയച്ചതോടെ അപ്രഖ്യാപിത മത്സ്യബന്ധന നിരോധനമാണുള്ളത്. ആയിരത്തോളം വരുന്ന യന്ത്രവത്കൃത ബോട്ടുകള്‍, ഇവ കൂടാതെ നൂറ് കണക്കിന് ഫൈബര്‍ ബോട്ടുകള്‍, ഇന്‍ബോര്‍ഡ് എഞ്ചിന്‍ വള്ളങ്ങള്‍, ചെറുവഞ്ചികള്‍, മൂടു വെട്ടി വള്ളങ്ങള്‍, ഡബ്ബ വള്ളങ്ങള്‍ തുടങ്ങിയവയിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്.
ഇവര്‍ക്കു പുറമെ അനുബന്ധ തൊഴില്‍ മേഖലകളായ മത്സ്യ സംസ്‌ക്കരണം, കയറ്റിറക്ക്, മത്സ്യ വിതരണം, ഐസ് പ്ലാന്റ് എന്നിങ്ങനെ പലയിടങ്ങളിലായി പണിയെടുക്കുന്ന ആയിരങ്ങള്‍ കൂടി ചേരുന്നതോടെ പട്ടിണിയുടെ ആഴമേറുകയാണ്. പൊതുവെ കടവും, പലിശക്കെണിയും തീര്‍ത്ത വലയില്‍ കുരുങ്ങിക്കിടക്കുന്ന കടലോരത്ത് ഇപ്പോള്‍ വറുതിയുടെ തിരയടിക്കുകയാണ്.
അതേസമയം കടല്‍ കയറിയതോടെ കടല്‍ മീനിന്റെ വിലയും കയറി. ചാള കിലോഗ്രാമിന് 180 മുതല്‍ 200 രൂപ വരേയാണ് വില. ഒരാഴ്ച്ച മുന്‍പ് വരെ അഴീക്കോട് ജെട്ടിയില്‍ കിലോക്ക് നാല്‍പ്പതു രൂപ നിരക്കില്‍ ലേലം വിളിച്ചിട്ടും ആര്‍ക്കും വേണ്ടാതിരുന്ന ചാളയ്ക്ക് അഞ്ചിരട്ടി വിലയായി.
കടല്‍ക്ഷോഭത്തിന് മുമ്പെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ മടങ്ങിയെത്തുമ്പോള്‍ മാത്രമാണ് കരയില്‍ പച്ച മീന്‍ മണമുയരുന്നത്.
അതേസമയം കടല്‍ശാന്തമായതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് കുടുംബങ്ങള്‍ മടങ്ങി തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളിലും, മറ്റു സുരക്ഷിത കേന്ദ്രങ്ങളിലുമായി കഴിഞ്ഞിരുന്നവര്‍ വീടുകളിലെത്തി തുടങ്ങിയെങ്കിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. പഞ്ചായത്ത് റവന്യു അധികൃതര്‍ നേരിട്ടും, സന്നദ്ധ സംഘടനകളും, ജനപ്രതിനിധികളും തീരമേഖലയില്‍ ശുചീകരണം നടത്തി വരികയാണ്. പുരയിടങ്ങളും, ജലസോതസുകളും തീര്‍ത്തും മലിനമാണ്. ആഴ്ചകള്‍ നീളുന്ന പ്രവൃത്തിയിലൂടെ മാത്രമേ തീരപ്രദേശം വൃത്തിയാക്കിയെടുക്കാന്‍ സാധിക്കുകയുള്ളു.
Next Story

RELATED STORIES

Share it