ഓഖി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാത്ത കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണ് വീഴ്ചയുണ്ടായതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നില്ല. നവംബര്‍ 29ന് 2.30ന് ന്യൂനമര്‍ദമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നിന് ശക്തമായ മഴയും കടല്‍ക്ഷോഭവും 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മാധ്യമങ്ങളിലൂടെ അറിയിച്ചു.കേന്ദ്രത്തില്‍ നിന്നു ന്യൂനമര്‍ദ പാത സംബന്ധിച്ച ഭൂപടവും ലഭിച്ചിരുന്നു. ദിശ കേരളത്തില്‍ നിന്ന് ദൂരെയായിരിക്കുമെന്നായിരുന്നു ചിത്രത്തില്‍. ഈ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് പരാമര്‍ശമുണ്ടായിരുന്നില്ല. 30ന് ന്യൂനമര്‍ദം തീവ്രമായെന്ന് കേന്ദ്രം അറിയിച്ചു. ഇതിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12ഓടെ  മറ്റൊരു മുന്നറിയിപ്പ് നല്‍കി. ഇതിലാണ് ചുഴലിക്കാറ്റുണ്ട് എന്ന് അറിയിച്ചത്. ന്യൂനമര്‍ദ പാതയുടെ അതിരുകള്‍ കേരളത്തില്‍ എത്തുമെന്നും അറിയിച്ചു. ചുഴലിക്കാറ്റ് തിരുവനന്തപുരത്തു നിന്ന് 120 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിരുന്നു. മിനിറ്റിനകം മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കി. ഒന്നിന് സേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും മുന്നറിയിപ്പ് നല്‍കി. 3.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരദേശത്ത് 100 മീറ്ററിനുള്ളിലുള്ള വീടുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചെന്നും അതോറിറ്റി പറയുന്നു.
Next Story

RELATED STORIES

Share it