ഓഖി: കാണാതായ അഞ്ച് ബോട്ടുകള്‍ മല്‍സ്യവുമായി കൊച്ചിയിലെത്തി

മട്ടാഞ്ചേരി/തിരുവനന്തപുരം:  ഓഖി കാറ്റിന് മുമ്പ് കൊച്ചിയില്‍ നിന്നും പോയി കാണാതായ അഞ്ച് ബോട്ടുകള്‍ മല്‍സ്യവുമായി ഇന്നലെ കൊച്ചി ഹാര്‍ബറില്‍ എത്തി. സെല്‍വ മാതാ, മിസ്റ്റര്‍ ഇന്ത്യ, ഷാഫിയ, ഡിപ്പാനിയോ, യഹോവ ജെറിസ് എന്നീ ബോട്ടുകളാണ് ഇന്നലെ മടങ്ങിയെത്തിയത്.54 തൊഴിലാളികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. കൊച്ചിയില്‍ നിന്നും 850 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ട ബോട്ടുകളാണ് മല്‍സ്യവുമായി എത്തിയത്. ഇതിന് പുറമെ വിവിധ ഹാര്‍ബറുകളിലായി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കയറിയ ആറ് ബോട്ടുകളും 63 തൊഴിലാളികളും കൂടി ഇന്നലെ കൊച്ചി ഹാര്‍ബറിലെത്തി. കടല്‍ മാതാ, ഡോണാ, സൈഫിയ, റഹ്മത്ത്, ജഹോവത്ത്, അദ്ഭുത മാതാ എന്ന ബോട്ടുകളാണ് എത്തിയത്. ഇനി 17 ബോട്ടുകളും 200ഓളം തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്. ഓഖി ചുഴലിക്കാറ്റിന് മുമ്പ് 217 ലോങ് ലൈന്‍ ബോട്ടുകളാണ് മല്‍സ്യ ബന്ധനത്തിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്. അതില്‍ 186 ബോട്ടുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളില്‍ എത്തിയതായി വിവരം ലഭിച്ചു. 14 ബോട്ടുകള്‍ അപകടത്തില്‍പെട്ടതായി  ലോങ് ലൈന്‍ ബോട്ട് ആന്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി എം മജിദ്, കമ്മിറ്റി അംഗം സി ബി റഷീദ് എന്നിവര്‍ അറിയിച്ചു.അതേസമയം, ഓഖി ദുരന്തത്തില്‍പെട്ട മല്‍സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതത്തില്‍പെട്ട ആരെയും സഹായനിധിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദേശീയ ദുരന്ത നിവാരണഫണ്ടില്‍നിന്ന് 1843 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരും. തിരിച്ചറിയാന്‍ ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. മല്‍സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ പ്രത്യേക കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കും. അപകടമുന്നറിയിപ്പ് മല്‍സ്യബന്ധന ബോട്ടുകളില്‍ അറിയിക്കുന്നതിന് സംവിധാനമൊരുക്കും. ഇതിനായി ഐഎസ്ആര്‍ഒയുടെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it