kozhikode local

ഓഖി: കടല്‍ ശാന്തമാവാന്‍ രണ്ടുനാള്‍ കൂടി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭം ശാന്തമാവാന്‍ രണ്ടു ദിവസം കൂടി എടുക്കുമെന്നതിനാല്‍ ഇന്നും നാളെയും മലബാര്‍ മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചുഴലിക്കാറ്റ് തീരത്ത് നിന്ന് 500 മീറ്റര്‍ അകലെ പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. കാറ്റിന്റെ ശക്തി കുറഞ്ഞാലും കടല്‍ക്ഷോഭം പൂര്‍ണമായി ശാന്തമാവുകയില്ല. തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ കടല്‍ക്ഷോഭം ശക്തമായ ബേപ്പൂര്‍, സൗത്ത് ബീച്ച്, തോപ്പയില്‍ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ റവന്യു സംഘം സന്ദര്‍ശിച്ചു. തീര പ്രദേശത്ത് മുന്നറിയിപ്പുമായി മൊബൈല്‍ അനൗണ്‍സ്‌മെന്റ് നടത്തുകയുണ്ടായി. കോഴിക്കോട് ബീച്ചില്‍ കച്ചവടം നടത്തിയിരുന്ന പെട്ടിക്കടകള്‍ സുരക്ഷ പരിഗണിച്ച് ഒഴിപ്പിച്ചു.
ഫറോക്കില്‍ നിന്ന് രണ്ട് ദിവസം മുമ്പ് മല്‍സ്യബന്ധനത്തിന് പോയ യു കെ സണ്‍സ് എന്ന വള്ളത്തിലെ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് വള്ളത്തിന്റെ ഉടമ അബ്ദുള്ള റവന്യു അധികാരികളെ അറിയിച്ചു. ബാവ(48), ഷാജി(49) എന്നിവരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് വള്ളത്തില്‍ ഉള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റല്‍ പോലിസിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയതുകാരണം 110 ലക്ഷദ്വീപ് നിവാസികള്‍ കോഴിക്കോടും ബേപ്പൂരിലുമായി ലോഡ്ജുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കുള്ള സ്ഥിതി വിവരങ്ങളും റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. അവര്‍ക്കുള്ള ഭക്ഷണവും ജില്ലാഭരണകൂടം നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it