Flash News

ഓഖി: ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

തിരുവനന്തപുരം/ബേപ്പൂര്‍/മട്ടാഞ്ചേരി: ഓഖിയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഒമ്പതു മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 53 ആയി. മലപ്പുറം താനൂര്‍, കോഴിക്കോട് ബേപ്പൂര്‍, വെള്ളയില്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, റവന്യൂവകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 47 ആണ്. കഴിഞ്ഞ ദിവസം റവന്യൂവകുപ്പ് പുറത്തിറക്കിയ കണക്കുപ്രകാരം 38 പേരായിരുന്നു ഇതുവരെ ഓഖിയില്‍ മരിച്ചത്. മല്‍സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് ഇന്നലെ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് തീരദേശ പോലിസും ഫിഷറീസും സംയുക്തമായി തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അഴുകി തിരിച്ചറിയാനാവാത്ത നിലയിലാണ്. ഏഴു മൃതദേഹങ്ങള്‍ ലഭിച്ചത് കോഴിക്കോട് ബേപ്പൂരില്‍ നിന്നാണ്. ഒരോന്നു വീതം വെള്ളയില്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തി. കോഴിക്കോട് കടല്‍ത്തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായി രാവിലെയും വൈകീട്ടുമായാണ് മൃതദേഹങ്ങള്‍ കണ്ടത്. പരപ്പനങ്ങാടിക്കും മാറാടിനും ഇടയിലാണിത്. കരയിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ബേപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9995033983, 8547616106.അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തിരിച്ചറിയാനുള്ള എട്ടു മൃതദേഹങ്ങളില്‍ ഒന്ന് ഇന്നലെ തിരിച്ചറിഞ്ഞു. പൊഴിയൂര്‍, സൗത്ത് കൊല്ലങ്കോട്, കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകന്‍ മേരിജോണിനെയാണ് (30) തിരിച്ചറിഞ്ഞത്. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ രണ്ടു ബോട്ടുകള്‍ കൂടി ഇന്നലെ കൊച്ചിയിലെത്തി. നോവ, കാര്‍മല്‍ മൗണ്ട് എന്നീ തമിഴ്‌നാട് ബോട്ടുകളാണ് 25 തൊഴിലാളികളുമായി എത്തിയത്. ഇനി 18 ബോട്ടുകളെക്കുറിച്ചും 210 തൊഴിലാളികളെക്കുറിച്ചുമാണ് വിവരം ലഭിക്കേണ്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നേരത്തേ ഗുജറാത്തില്‍ കയറിയതായി വിവരം ലഭിച്ച ഏഴ് ബോട്ടുകളും 87 തൊഴിലാളികളും ഇന്നലെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 33 തൊഴിലാളികളും മലയാളികളാണ്.
Next Story

RELATED STORIES

Share it