ഓഖി: എറണാകുളത്ത് നിന്ന് കാണാതായവരില്‍ 12 മലയാളികള്‍; കേന്ദ്രസംഘം ഇന്ന് കൊച്ചിയില്‍

മട്ടാഞ്ചേരി: കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായി. സാധാരണ ഗതിയില്‍ ക്രിസ്മസ് തലേന്ന് കടലിലുള്ള എല്ലാ മല്‍സ്യബന്ധന യാനങ്ങളും ഹാര്‍ബറുകളില്‍ എത്തുമെന്നതിനാല്‍ കുടെപ്പിറപ്പുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബങ്ങളും മല്‍സ്യബന്ധന മേഖലയും.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 217 ബോട്ടുകളാണ് ഓഖി ചുഴലിക്കാറ്റിന് മുമ്പ് മല്‍സ്യബന്ധനത്തിനു പോയത്. അതില്‍ 195 ബോട്ടുകള്‍ തിരിച്ചെത്തിയങ്കിലും 22 ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 167 തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. അതില്‍ 12 പേര്‍  മലയാളികളും അഞ്ച് അസം സ്വദേശികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ആറ് ബോട്ടുകള്‍ തകരുകയും 16 ബോട്ടുകള്‍ മുങ്ങുകയും ചെയ്തതായാണ് ലോങ് ലൈന്‍ ആന്റ് ഗില്‍ നെറ്റ് ബോട്ട് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ജെറോമിയ, സിയോണ, പുന്തി അന്നൈ, ഗ്രീഷ്മ, തുയ അന്തോണിയാര്‍, മാതാ, മാതാ രണ്ട്, കരിഷ്മ, വിജോവിന്‍, ഓള്‍ സെയിന്റ്‌സ്, അസ്‌റായേല്‍, സെന്റ് ആന്റണി, അന്നൈ, സൈമ സൈബ, പ്രകാശ് മാതാ, കൃപ എന്നീ ബോട്ടുകളാണ് മുങ്ങിയതായി കരുതുന്നത്.
ഈ ബോട്ടുകളിലെ 167 പേരെയാണു കാണാതായത്. അര്‍ഭുത മാതാ. സെന്റ് കാതറിന്‍, കുക്കു, ബരാക്കുട, മദര്‍ ഓഫ് വേളാങ്കണ്ണി, ഇന്‍ഫന്റ് ജീസസ് എന്നീ ബോട്ടുകളാണ് തകര്‍ന്നത്. ഇതിലെ തൊഴിലാളികളെ ഇന്ത്യന്‍ നേവി രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം, ഓഖി ദുരന്തത്തെ വിലയിരുത്തുന്നതിനായി എത്തുന്ന കേന്ദ്ര സംഘം ഇന്ന് രാവിലെ ഒമ്പതിന് കൊച്ചി ഹാര്‍ബറില്‍ എത്തും.
Next Story

RELATED STORIES

Share it