ഓഖി: ഉന്നതതല സംഘം സന്ദര്‍ശിക്കും

ധിന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേന്ദ്രസംഘം ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി 1,843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കുശേഷം പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ ഗ്രാമീണ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും വീടു നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. പ്രാഥമികമായ കണക്കനുസരിച്ച് 1,843 കോടിയുടെ സഹായം സംസ്ഥാനത്തിന് ഇപ്പോള്‍ ആവശ്യമുണ്ട്. വിശദമായ പരിശോധനയ്ക്കുശേഷമേ ഇതിന്റെ അവസാന രൂപം തയ്യാറാക്കാന്‍ കഴിയുകയുള്ളൂ. ഇതില്‍ 300 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രിക്കു പുറമേ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുമന്ത്രിമാരും കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചതെന്നു പിണറായി പറഞ്ഞു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 13,436 മല്‍സ്യത്തൊഴിലാളികളാണു സംസ്ഥാനത്തുള്ളത്. ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലാത്ത 4,148 മല്‍സ്യത്തൊഴിലാളികളുണ്ട്. കടലിലേക്കു പോവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു പ്രകൃതിക്ഷോഭത്തെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായുള്ള സാങ്കേതിക സാമ്പത്തിക സഹായം കൂടി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. വ്യത്യസ്ത സൈനിക വിഭാഗങ്ങളും തീരദേശ സേനയും ചേര്‍ന്ന് ഇതുവരെ 3,800 മണിക്കൂര്‍ തിരച്ചില്‍ നടത്തി. ഇതിന്റെ ചെലവും കേന്ദ്രം വഹിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിലില്‍ 23 കപ്പലുകളും എട്ട് ഹെലികോപ്റ്ററുകളും പങ്കെടുത്തെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. തീരദേശസേനയുടെ ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തും. തിരച്ചില്‍ 500 മൈല്‍ ദൂരത്തേക്കു വ്യാപിപ്പിക്കുമെന്നും ഇന്ത്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക ബാങ്കിന്റെ സഹായത്തോടെ പുനരധിവാസ പാക്കേജും മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it