ഓഖി: അടിയന്തര സഹായമായി 404 കോടി കേന്ദ്ര സംഘം ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ നഷ്ടം വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘം 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യും. ദുരന്തവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് കേന്ദ്രസംഘത്തലവനും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറിയുമായ ബിപിന്‍ മല്ലിക് പറഞ്ഞു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം 422 കോടിയുടെയും പിന്നീട് 442 കോടി രൂപയുടെയും അടിയന്തര സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ഇതില്‍ 226 കോടി രൂപയ്ക്കുള്ള സഹായം കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ളതായിരുന്നില്ലെങ്കിലും 38 കോടി രൂപ ഒഴികെ ബാക്കി എല്ലാ തുകയും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രസംഘം സംസ്ഥാനത്തെ അറിയിക്കുകയായിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ബിപിന്‍ മല്ലിക് വ്യക്തമാക്കി. സംഘം സമര്‍പ്പിക്കുന്ന ശുപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനെ കൂടാതെ വിവിധ രാഷ്ട്രീയകക്ഷികളും വിവിധ സംഘടനകളും സഭയും നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നേരിടാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കും അടിയന്തര ധനസഹായത്തിനുമായി രണ്ട് നിവേദനങ്ങളാണ് കേരളം സമര്‍പ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ദുരന്തം ബാധിച്ച പ്രദേശങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയ സംഘം അനുഭാവപൂര്‍വമാണ് പ്രവര്‍ത്തിച്ചത്. ഇതിന് നന്ദി പറയുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പാര്‍പ്പിട പദ്ധതികള്‍ അടക്കമുള്ളവയ്ക്കായുള്ള ശുപാര്‍ശകളും കേരളം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it