ഓഖിയും കടല്‍ക്ഷോഭവും ഏശിയില്ല; സംരക്ഷകരെ തേടി കടലാമകളെത്തി

ചാവക്കാട്: ആഞ്ഞുവീശിയ ഓഖിയും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭവുമൊന്നും ഏശിയില്ല. സംരക്ഷിക്കുന്നവരെ തേടി കടലാമ എത്തി. 132 മുട്ടകളിട്ടു മടങ്ങി. ചാവക്കാട് ബ്ലാങ്ങാട് കടല്‍ത്തീരത്താണു കഴിഞ്ഞദിവസം ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമ മുട്ടയിടാനെത്തിയത്. തൃശൂര്‍ ജില്ലയില്‍ ഈ വര്‍ഷം ആദ്യമായാണു കടലാമ മുട്ടയിടാനെത്തിയിട്ടുള്ളത്. മുട്ടയിട്ട സ്ഥലത്ത് ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സംരക്ഷണ കവചമൊരുക്കിയിട്ടുണ്ട്. സാധാരണ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തന്നെ കടലാമകള്‍ മുട്ടയിടാനെത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഓഖി ചുഴലിക്കാറ്റില്‍ തീരത്തു ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടതോടെ ഇത്തവണ കടലാമ മുട്ടയിടാനെത്തില്ലെന്നാണു കടലാമ സംരക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ വൈകിയാണെങ്കിലും കടലാമ കരയിലെത്തി മുട്ടയിട്ടു മടങ്ങി. തെരുവു നായ്ക്കളില്‍ നിന്നും മുട്ട കള്ളന്‍മാരില്‍ നിന്നും കടലാമയുടെ മുട്ടകള്‍ സംരക്ഷിക്കാന്‍ മുട്ടയിട്ട സ്ഥലത്ത് ഇനി ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ രണ്ടു മാസത്തോളം രാവും പകലും കാവലിരിക്കും. കടലാമക്കുഞ്ഞുങ്ങള്‍ വിരിയുന്നതു വരെയാണു കടലാമ സംരക്ഷണ പ്രവര്‍ത്തകരും ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുമായ എ സി സജിന്‍, സി എസ് പ്രണവ്, സി വി വിജീഷ്, കെ എന്‍ ജയകൃഷ്ണ, മല്‍സ്യ ത്തൊഴിലാളികളായ തൊടു രവി, ശറഫുദ്ദീന്‍, സുഹൈല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തു സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it