ഓഖിയില്‍ മരിച്ചെന്ന് കരുതിയയാള്‍ തിരിച്ചെത്തി

തിരുവനന്തപുരം: ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളി തിരിച്ചെത്തി. വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസില്‍ ശിലുവയ്യന്‍ (55) ആണു മടങ്ങിയെത്തിയത്. കഴിഞ്ഞ നവംബര്‍ ആദ്യവാരമാണ് ശിലുവയ്യന്‍ കാസര്‍കോട്ട് നിന്നു മല്‍സ്യബന്ധനത്തിന് പുറപ്പെട്ടത്. ഓഖിയില്‍പ്പെട്ട് കാണാതായവരുടെ പട്ടികയില്‍ ശിലുവയ്യനും ഉള്‍പ്പെട്ടിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹം മരിച്ചതായാണു കരുതിയിരുന്നത്.
അതിനിടെയാണ് കഴിഞ്ഞ ദിവസം ശിലുവയ്യന്‍ മടങ്ങിയെത്തിയത്. കാസര്‍കോട് സ്വദേശിയായ മമ്മദ് എന്നയാളുടെ വള്ളത്തിലായിരുന്നു ശിലുവയ്യന്‍ കടലില്‍ പോയത്. കാറ്റില്‍ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ ഒഴുകിനടന്നു. കടല്‍ ശാന്തമായ ശേഷമാണ് കരയ്‌ക്കെത്തിയത്. അപ്പോഴേക്കും കൈയില്‍ പണമൊന്നുമില്ലായിരുന്നു. കാശൊന്നുമില്ലാതെ വീട്ടിലേക്കു മടങ്ങേണ്ടെന്നു തീരുമാനിച്ച് കാസര്‍കോട് തന്നെ കഴിയുകയായിരുന്നുവെന്ന് ശിലുവയ്യന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബോട്ടുടമ നാട്ടിലേക്കു മടങ്ങാന്‍ കാശ് നല്‍കിയതിനെ തുടര്‍ന്നാണ് ശിലുവയ്യന്‍ തിരിച്ചെത്തിയത്. അതിനിടെ ഓഖി ദുരന്തത്തിനിരയായവരുടെ ചിത്രത്തിനൊപ്പം ശിലുവയ്യന്റെ ചിത്രവും തീരങ്ങളില്‍ സ്ഥാപിച്ചിരുന്നു. അപ്പോഴാണ് ഓഖി ദുരന്തം സംബന്ധിച്ച ഗൗരവം ശിലുവയ്യന്‍ മനസ്സിലാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ മരിച്ച ശിലുവയ്യന്‍ ഏക മകന്‍ ആന്റണിക്കൊപ്പമാണു കഴിഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it