World

ഓക്‌സ്ഫാമിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

ലണ്ടന്‍: ഓക്‌സ്ഫാമിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വീണ്ടും ലൈംഗികാരോപണങ്ങള്‍. 2006ല്‍ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബ്രിട്ടനിലെ ഒബ്‌സര്‍വര്‍ പത്രം പുതുതായി പുറത്തുവിട്ടത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരെന്നു കരുതുന്ന സ്ത്രീകള്‍ ചാഡിലെ ഓക്‌സ്ഫാം ഹൗസില്‍ അക്കാലത്ത് സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്നതായി സന്നദ്ധ സംഘടനയിലെ മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് 2006ല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതായും ഒബ്‌സര്‍വര്‍ റിപോര്‍ട്ടില്‍ പറയുന്നു. 2011ല്‍ ഹെയ്തിയില്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിതരായ ഓക്‌സ്ഫാം ഉദ്യോഗസ്ഥര്‍ക്കെതരേയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തില്‍ ഓക്‌സ്ഫാം നിലപാട് സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം ദ ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഓക്‌സ്ഫാം നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ അവര്‍ക്ക് മറ്റു സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2011ല്‍ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് ഓക്‌സ്ഫാമില്‍ നിന്നു രാജിവച്ച റോളാന്‍ഡ് ഫാന്‍ഹോവര്‍മിറേന്‍ ആയിരുന്നു 2006ല്‍ സംഘടനയുടെ ചാഡിലെ ദൗത്യത്തിനും നേതൃത്വം നല്‍കിയത്. 2011ല്‍ രാജിവച്ചെങ്കിലും ഓക്‌സ്ഫാമിന്റെ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ ഇയാള്‍ക്ക് മറ്റു സന്നദ്ധ സംഘടനകളില്‍ കയറിപ്പറ്റാന്‍ സാധിച്ചിരുന്നു.
Next Story

RELATED STORIES

Share it