ഓംകാരം മുഴക്കി യോഗ നടത്താനുള്ള യുജിസി നിര്‍ദേശം വിവാദത്തില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ കലാലയങ്ങളില്‍ ഓംകാരത്തോടെ യോഗ നടത്താനുള്ള യുജിസി നിര്‍ദേശം വിവാദത്തില്‍. ജൂണ്‍ 21ന് കലാലയങ്ങളില്‍ യോഗ നടത്താനും ഓം എന്നുരുവിട്ടു തുടങ്ങി ചില സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിടാനും ഓം ശാന്തി ശാന്തി എന്നുരുവിട്ട് അവസാനിപ്പിക്കാനുമാണ് യുജിസി സെക്രട്ടറി ജസ്പാല്‍ എസ് സന്ധു വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
യുജിസി നിര്‍ദേശം വിഭാഗീയതയുണ്ടാക്കുന്നതാണെന്നു കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണു പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്ന് ജനതാദള്‍ യുനൈറ്റഡ് ചൂണ്ടിക്കാട്ടി.
യോഗ പുരാതന ഇന്ത്യയുടെ വിജ്ഞാനത്തിന്റെ ഭാഗമാണ്. അത് മോഡി സര്‍ക്കാരിന് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനുള്ളതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ അടുത്ത ശ്രമമാണ് ഇതെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ തുടങ്ങിയ ഇതര മതസ്ഥരോട് എങ്ങനെയാണ് ഓംകാരം മുഴക്കാന്‍ ആവശ്യപ്പെടുകയെന്നും ത്യാഗി ചോദിച്ചു. ഞാനൊരു ഹിന്ദുവായതിനാല്‍ ഓംകാരം മുഴക്കാന്‍ വിഷമമില്ല. എന്നാല്‍, മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കാന്‍ ആവില്ല. ഇത് ആര്‍എസ്എസിന്റെ വിഭാഗീയ നയത്തിന്റെ ഭാഗമാണ്. ഇതിനെ അംഗീകരിക്കില്ലെന്നും ത്യാഗി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് സര്‍വകലാശാലകള്‍ക്ക് യുജിസി കത്തയച്ചത്. കത്തിനൊപ്പം ആയുഷ് മന്ത്രാലയം തയ്യാറാക്കിയ യോഗ പ്രാക്ടീസ് സംബന്ധിച്ച 45 മിനിറ്റ് പ്രോട്ടോകോളും അയച്ചിട്ടുണ്ട്. ഓംകാരം മുഴക്കിയുള്ള രണ്ട് മിനിറ്റ് പ്രാര്‍ഥനയോടെയാണ് പ്രോട്ടോക്കോള്‍ തുടങ്ങുന്നത്. പിന്നെ സംസ്‌കൃത ശ്ലോകം ചൊല്ലണം.
18 മിനിറ്റ് യോഗ പോസുകള്‍. പിന്നീട് പ്രാണായാമം. തുടര്‍ന്ന് 9 മിനിറ്റ് ഇരിക്കണം. ഓം ശാന്തി, ശാന്തി ഉരുവിട്ടാണ് അവസാനിപ്പിക്കേണ്ടതെന്നും പ്രോട്ടോകോള്‍ നിര്‍ദേശിക്കുന്നു. ഓംകാരം മുഴക്കല്‍ നിര്‍ബന്ധമല്ലെന്ന് സംഭവം വിവാദമായതോടെ ആയുഷ് മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിര്‍ദേശത്തെ ഇടതുപാര്‍ട്ടികളും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആരെയും ഓംകാരം മുഴക്കാന്‍ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. അവരുടെ വിഭാഗീയ അജണ്ട നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും വൃന്ദ വ്യക്തമാക്കി.
മതനിരപേക്ഷത തകര്‍ക്കുന്ന നിര്‍ബന്ധങ്ങള്‍ ഒഴിവാക്കണമെന്ന് കെസിബിസി
കൊച്ചി: ജൂണ്‍ 21നു നടക്കുന്ന യോഗാദിനത്തോടനുബന്ധിച്ച് സ്‌കൂളുകളും കോളജുകളും അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കാനായി കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന കോമണ്‍ യോഗ പ്രോട്ടോക്കോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെയും ബഹുസ്വരതയെയും അവഗണിക്കുന്നതാണെന്നും അനാവശ്യ നിര്‍ബന്ധങ്ങള്‍ ഒഴിവാക്കണമെന്നും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍(കെസിബിസി) ആവശ്യപ്പെട്ടു.
മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന നിര്‍ദേശത്തോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുള്ള കോമണ്‍ യോഗാ പ്രോട്ടോക്കോള്‍, നമസ്‌കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്നു. ശരീരത്തിനും മനസിനും ഉന്മേഷം പകരുന്ന ഒരു വ്യായാമമുറ എന്നതിലുപരി, മോക്ഷപ്രാപ്തിക്കുള്ള ഒരു ആത്മീയശിക്ഷണവും ജീവിത—ക്രമവുമായി യോഗയെ വിഭാവന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മതത്തിന്റെ സിദ്ധാന്തങ്ങളും ആചാരവിധികളും പ്രാര്‍ഥനാമന്ത്രങ്ങളും യോഗാപരിശീലനത്തിന്റെ ഭാഗമായി നിര്‍ദേശി—ക്കുന്നതും അത് നിര്‍ബന്ധപൂര്‍വം നടപ്പാക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതും ഇതര മതാനുയായികളില്‍ അസ്വാസ്ഥ്യമുണ്ടാക്കും. യോഗയോ കളരിപ്പയറ്റോ തത്തുല്യമായ മറ്റു വ്യായാമമുറകളോ തിരഞ്ഞെടുക്കാനും പരിശീലിക്കാനും വേണ്ടെന്നുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടാവണം.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ബൗദ്ധിക പരിശീലനത്തോടൊപ്പം വിദ്യാര്‍ഥികളുടെ ശാരീരികവും ധാര്‍മികവുമായ പരിശീലനത്തില്‍ ശ്രദ്ധ ചെലുത്തുകയും വേണം. എന്നാല്‍, അതിന് ഏതെങ്കിലും ഒരു പ്രത്യേക മതസങ്കല്‍പവും ആചാരവിധികളും വേണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത് വിവാദങ്ങളിലേക്കു നയിക്കും. എല്ലാ മതസ്ഥര്‍ക്കും പരിശീലിക്കാവുന്ന വ്യായാമമുറയെന്ന നിലയില്‍ മാത്രമേ യോഗയ്ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസക്തിയുള്ളൂവെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it