kozhikode local

ഒവിസി തോടിലെ മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി

വടകര: നഗരസഭയിലെ 43,44,46 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ഒവിസി തോടിലെ മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകണമെന്ന് തോട് മലിനീകരണ നിര്‍മ്മാര്‍ജ്ജന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒഴുക്കില്ലാതെ തോട്ടില്‍ മലിന ജലം കെട്ടിക്കിടക്കുന്നതിനാല്‍ പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദുര്‍ഗന്ധവും, കൊതുകുകളും, രോഗാണുക്കളും കാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
തോടിന്റെ ഇരുവശങ്ങളിലായി ഏകദേശം 500 ഓളം കുടുംബങ്ങള്‍ ജീവിച്ചു വരികയാണ്. അതിനടുത്തായി  വിദ്യാലയവും പ്രവൃത്തിച്ചു വരുന്നു. വടകര നഗരത്തിലെ വിവിധ ആശുപത്രികള്‍, മല്‍സ്യ മാര്‍ക്കറ്റ്, അറവ് ശാല, ടൗണിലെ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മലിനജലം റെയില്‍വേ ട്രാക്കിനടിയിലൂടെ റെയില്‍വേ യുടെ പൊതു സ്ഥലത്തു കൂടി ഈ തോടിലേക്കാണ് ഒഴുകി വരുന്നത്.
തോട്ടിലെ മാലിന്യം നീക്കി ഇരുവശങ്ങളിലും കെട്ടി ഉയര്‍ത്തി സ്ലാബ് സ്ഥാപിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  പദ്ധതിക്കായി 2.5 ലക്ഷം രൂപ നഗരസഭ മാറ്റിവച്ചിരുന്നു.  ഈ മാസം 31നകം പദ്ധതി ആരംഭിച്ചില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകുമെന്നും, പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it