kasaragod local

ഒഴുക്കില്‍പ്പെട്ട് ഒരു മരണം; വൈദ്യുതി ബന്ധം താറുമാറായി

കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വ്യാപക നാശം. പലേടത്തും വൈദ്യുതി പോസ്റ്റകളിലേക്ക് മരങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശക്തമായ മഴക്കൊപ്പം കാറ്റ് ആഞ്ഞ് വീശിയത്. അഡൂര്‍ ചെര്‍ളക്കയിലെ ചെനിയ നായക്കാണ് (65) ഒഴുക്കില്‍ പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി പയസ്വിനി പുഴയില്‍ കാണാതാവുകയായിരുന്നു. പുഴകടന്ന് ഗ്വാളി മുഖത്തെ കടയില്‍ പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയാണ് ഒഴുക്കില്‍ പെട്ടത്. മൃതദേഹം ഇന്നലെ ഉച്ചയോടെ കണ്ടെത്തി. കറന്തക്കാട് ദേശീയപാതയില്‍ രാത്രി വന്‍മരം ഒടിഞ്ഞ് വീണു. വൈദ്യുതി തടസപ്പെട്ടു ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കുറുകളോളം പരിശ്രമിച്ചാണ് മരം മുറിച്ച് നീക്കി ഗതാഗത തടസം നീക്കിയത്.
വിദ്യാനഗര്‍ വ്യവസായ പാര്‍ക്കില്‍ മരം കടപുഴകി വീണു. കാസര്‍കോട് നഗരത്തിലും തളങ്കര, നെല്ലിക്കുന്ന്, കസബ കടപ്പുറം, ബങ്കരക്കുന്ന് പുലിക്കുന്ന് പ്രദേശങ്ങളിലും രാത്രി നിലച്ച വൈദ്യുതി ഇന്നലെ വൈകീട്ടും പുനസ്ഥാപിച്ചിട്ടില്ല.
റമദാന്‍ വ്രതവും പെരുന്നാളും അടുത്തതോടെ വൈദ്യുതി ബന്ധം ഇടയ്ക്കിടെ മണിക്കുറുകളോളം തടസപ്പെടുന്നത് പതിവായതോടെ ജനങ്ങളും വ്യാപാരികളും ദുരിതത്തിലായി. അപ്രഖ്യാപിത പവര്‍കട്ട് രൂപത്തിലാണ് വൈദ്യുതി മുടക്കം.
ബദിയടുക്കയിലെ പ്രദീപ് കുമാറിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു നഷ്ടമുണ്ടായി. മഞ്ചേശ്വരം തൂമിനാട് ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി തൂണ്‍ കടപുഴകി വീണു, വന്‍ ദുരന്തമൊഴിവായി. കുഞ്ചത്തൂര്‍ ഉദയനഗറിലെ മാധവന്‍, ലക്ഷമി എന്നിവരുടെ വീടിന് മുകളിലേക്ക് കൂറ്റന്‍ പ്ലാവ് കടപുഴകി വീണു. വൊര്‍ക്കാടിയില്‍ എച്ച്ടി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു.
ധര്‍മ നഗര്‍, കൊടേ മാറില്‍ കുന്നിടിഞ്ഞതിനേ തുടര്‍ന്ന് ബസ് ഗതാഗതം തിരിച്ചുവിട്ടു. നെല്ലിക്കട്ട സ്വദേശി സലീമിന്റ കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയത സ്വിഫ്റ്റ് കാറിലേക്ക് മരം ഒടിഞ്ഞു വീണു. മുള്ളേരിയ നെച്ചിപ്പടുപ്പിലെ കരുണന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. കുമ്പള ശാന്തിപ്പള്ളത്ത് അങ്കണവാടിക്ക് സമീപത്തെ ഷെല്‍വിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടുകാര്‍ പുറത്തായതിനാല്‍ ആളപായം ഉണ്ടായില്ല. ജില്ലയില്‍ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്നത്.
Next Story

RELATED STORIES

Share it