ernakulam local

ഒഴുകും സര്‍വകലാശാല നാളെ കൊച്ചിയില്‍

മരട്: വിദ്യാര്‍ഥികളും അധ്യാപകരും കപ്പല്‍ ജോലിക്കാരുമടക്കം ആയിരത്തിലധികം സഞ്ചാരികളുമായി 'വേള്‍ഡ് ഒഡിസ്സി എന്ന ആഡംബരക്കപ്പല്‍ നാളെ രാവിലെ എട്ടിന് കൊച്ചി തുറമുഖത്തെത്തും.
ഇരുന്നൂറില്‍പ്പരം സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ജനുവരി അഞ്ചിന് അമേരിക്കയിലെ സാന്‍ഡിയാഗോയില്‍നിന്നു പുറപ്പെട്ട കപ്പല്‍ ജപ്പാന്‍, ചൈന, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ബര്‍മ്മ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇന്‍ഡ്യയില്‍ എത്തുന്നത്. 112 ദിവസം നീണ്ടു നില്‍ക്കുന്ന പഠന പര്യടനത്തിനിടയില്‍ 12 രാജ്യങ്ങളും 15 നഗരങ്ങളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ പല സംഘങ്ങളായി തിരിഞ്ഞ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് വൈകീട്ട് ഏഴിന് കപ്പല്‍ കൊച്ചി തുറമുഖത്തുനിന്ന് മടക്കയാത്ര ആരംഭിക്കും.
അമേരിക്കയില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് വിദ്യാര്‍ഥിസംഘം മൊറീഷ്യസ്, ദക്ഷിണാഫ്രിക്ക, ഖാന, മൊറോക്കോ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും. കൊളറാഡോ സ്റ്റെയിറ്റ് യൂനിവേഴ്‌സിറ്റിയാണ് ഈ പഠന പര്യടനത്തിന്റെ സംഘാടകര്‍. കടലിലെ സഞ്ചാരത്തിനിടയില്‍ കപ്പലിലെ അനേകം മുറികളില്‍ ക്ലാസുകള്‍ നടക്കും. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ അടുത്തറിയുക എന്നത് അവരുടെ പഠന വിഷയങ്ങളില്‍ പെടുന്നു.
ഡോ.ഡി ധനുരാജ് ചെയര്‍മാനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച് (സിപിപിആര്‍.) എന്ന ഗവേഷണപഠനകേന്ദ്രമായിരിക്കും ഇന്ത്യയെയും കേരളത്തെയും ഇവിടത്തെ സാമൂഹിക വ്യവസ്ഥകളെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുകയും ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്ന് പ്രോജെക്റ്റ് അ—ഡൈ്വസര്‍ ഡോ. ഗോപിനാഥ് പനങ്ങാട് അറിയിച്ചു.
Next Story

RELATED STORIES

Share it