kannur local

ഒഴിവായത് വന്‍ ദുരന്തം; രക്ഷകരായി മല്‍സ്യത്തൊഴിലാളികള്‍

മാട്ടൂല്‍: തീരദേശ മേഖലയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ മാട്ടൂല്‍-അഴീക്കല്‍ കടത്തുബോട്ട് സര്‍വീസ് വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 38 യാത്രക്കാര്‍ ഷിസ ഫാത്തിമ എന്ന ബോട്ടിലുണ്ടായിരുന്നു. മാട്ടൂലില്‍നിന്ന് അഴീക്കല്‍ ഫെറിയിലേക്ക് പുറപ്പെട്ട ബോട്ടിന്റെ എന്‍ജിന്‍ അഴിമുഖത്തുവച്ച് കേടായി.
ഇതോടെ ഓട്ടം നിലച്ച ബോ ട്ട് തിരയില്‍പ്പെടുകയും കടല്‍ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. സന്ദിഗ്ധ ഘട്ടത്തില്‍ എന്തുചെയ്യുമെന്നറിയാതെ ജീവനക്കാര്‍ ആശങ്കയിലായി. തുടര്‍ന്നാണ് യാത്രക്കാര്‍ പ്രാണരക്ഷാര്‍ഥം ബഹളംവച്ചത്. കൂട്ടനിലവിളി കേട്ട് കരയിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ അപകടസ്ഥലത്തേക്ക് ഫൈബര്‍ വള്ളത്തില്‍ അതിവേഗം കുതിക്കുകയായിരുന്നു. യാത്രക്കാരെ വൈകാതെ സുരക്ഷിതമായി മാട്ടൂല്‍ ഭാഗത്ത് എത്തിക്കുകയും ചെയ്തു.
മല്‍സ്യത്തൊഴിലാളികളായ മാട്ടൂലിലെ ടി വി റാഷിദ്, കെ സമദ്, ടി വി സക്കരിയ്യ, കെ മുഹമ്മദലി തുടങ്ങിയവരാണു യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ബോട്ട് ലക്ഷ്യംതെറ്റി കടലിലൂടെ ഒഴുകി. ഒടുവില്‍ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് മാട്ടൂല്‍ സെന്‍ട്രല്‍ തീരത്ത് അടുപ്പിച്ചു.
അതേസമയം, അപകടം നടന്നയുടന്‍ നാട്ടുകാര്‍ വിവരമറിയിച്ചിട്ടും തീരദേശ പോലിസും കോസ്റ്റ ഗാര്‍ഡും എത്താന്‍ വളരെ വൈകി.
അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തീരദേശ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം മണിക്കൂറുകളോളം നീണ്ടു.
Next Story

RELATED STORIES

Share it