thiruvananthapuram local

ഒളിവിലുള്ള ആറു പ്രതികള്‍ക്കായി തമിഴ്‌നാട് പോലിസിന്റെ ലുക്കൗട്ട് നോട്ടീസ്

പാറശാല: നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പു കേസില്‍ ഒളിവിലുള്ള ആറ് പ്രതികള്‍ക്കായി തമിഴ്‌നാട് പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ മുഖ്യ പ്രതി കെ നിര്‍മലന്‍, ഭാര്യ വൈ ലേഖ, സഹോദരിമാരായ ആര്‍ ജയ, ആര്‍ ഉഷാകുമാരി, ആര്‍ ശാന്തകുമാരി, പി പ്രത്യൂഷ്, എന്‍ കൃഷ്ണകുമാര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
16 പ്രതികളുള്ള കേസില്‍ സ്ഥാപന ഉടമ കെ നിര്‍മലന്‍ അടക്കം 10 പേരെ നേരത്തെ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സാമ്പത്തിക തട്ടിപ്പു കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് മത്തം പാലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ കൃഷ്ണ ബാങ്ക് ഉടമകള്‍ 600 കോടിയുടെ നിക്ഷേപവുമായി മുങ്ങിയത്. തട്ടിപ്പ് കേസില്‍ കേരള പോലിസിലെ ക്രൈംബ്രാഞ്ച് വിഭാഗവും കേസെടുത്തിരുന്നു. സ്ഥാപന ഉടമ കെ നിര്‍മലന്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹരജിയില്‍ 600 കോടിയോളം രൂപയുടെ സ്വത്തുക്കളുണ്ടെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.
റിസീവറെ നിയോഗിച്ചു വസ്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്കുള്ള പണം മടക്കി നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് കോടതി റിസീവറെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി പ്രതികളുടെ പേരിലുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ റിസീവര്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു. ഒട്ടേറെ വസ്തുക്കള്‍ ബിനാമികളുടെ പേരിലായതിനാ ല്‍ കണ്ടു കെട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. തമിഴ്‌നാട്ടില്‍ ഉടമകള്‍ക്കുള്ള കശുവണ്ടി ഫാക്ടറികളടക്കം വരുന്ന 100 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെടുത്തിയിട്ടുണ്ട്. സ്ഥാപനം പൂട്ടി 7 മാസം കഴിഞ്ഞിട്ടും മുഖ്യ പ്രതിയുടെ ഭാര്യ അടക്കമുള്ള പ്രതികളെ പിടികൂടാന്‍ വൈകുന്നത് ഉന്നതരുടെ സംരക്ഷണം ആണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. തമിഴ്‌നാട് പോലിസിനു മാത്രം ഇതുവരെ 4500 നിക്ഷേപത്തട്ടിപ്പ് കേസുകളാണ് ലഭിച്ചിട്ടുള്ളത്.
പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍: 944328 1254 ,  04 652 27 21 10 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Next Story

RELATED STORIES

Share it