ഒളിവിലായിരുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഞ്ചോളം സ്‌ഫോടനക്കേസുകളില്‍ പ്രതിയെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ പിടിയില്‍. ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ആരിസ് ഖാനെന്ന ജുനൈദിനെ (32) പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ ജുനൈദിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. 2008ലെ ബട്‌ല ഹൗസ് വെടിവയ്പിനു ശേഷം ഒളിവിലായിരുന്നു. അന്ന് ഡല്‍ഹി ബട്‌ല ഹൗസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ തിരച്ചിലിനിടെ രണ്ടുപേരെ വെടിവച്ച് കൊല്ലുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തിരുന്നു.
ഇതിനിടെ പോലിസിനെ വെട്ടിച്ച് ജുനൈദ് കടന്നുകളയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഷ്യം. എന്‍ജിനീയറായ ജുനൈദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി പത്തു ലക്ഷവും ഡല്‍ഹി പോലിസ് അഞ്ചു ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2008ല്‍ ഡല്‍ഹിയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരകള്‍ക്കു പിന്നാലെയായിരുന്നു ബട്‌ല ഹൗസിലെ പോലിസ് തിരച്ചില്‍.



Next Story

RELATED STORIES

Share it