ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അടിവസ്ത്രത്തിലും ചെരിപ്പിനുള്ളിലുമായി ഒളിപ്പിച്ചുകടത്തിയ 46 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം ഇരിവേറ്റി ചെങ്ങര പാലേകുണ്ടില്‍ പുത്തന്‍കുടിയന്‍ ഷിജു (32)വില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തിലാണ് ഷിജു കരിപ്പൂരിലെത്തിയത്.
മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ഇയാളെ കവാടത്തില്‍ തടയുകയും ബാഗേജ് പുറത്തെടുത്ത് പരിശോധിക്കുകയുമായിരുന്നു. ശരീര പരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു പായ്ക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന പാദരക്ഷകള്‍ക്കുള്ളില്‍ നിന്ന് ഇത്തരത്തിലുള്ള രണ്ട് പായ്ക്കറ്റുകള്‍ കണ്ടെടുത്തു. സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെയാണ് സ്വര്‍ണം സംയുക്തത്തില്‍ നിന്നു വേര്‍ത്തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 46,18,250 രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ദുബയില്‍ നിന്നു സ്വര്‍ണം വാങ്ങി നേരിട്ടെത്തിയാല്‍ പിടിക്കപ്പെടുമെന്നുള്ളതിനാലാണ് ഇയാള്‍ ഷാര്‍ജ വഴി യാത്രചെയ്തത്.
ജോയിന്റ് കമ്മീഷണര്‍മാരായ അനീഷ് പി രാജ, ജോയ് തോമസ്, സൂപ്രണ്ടുമാരായ പി കെ ഷാനവാസ്, ബഷീര്‍ അഹ്മദ്, ഇന്റലിജന്‍സ് ഓഫിസര്‍മാരായ മുരളീധരന്‍, നീല്‍ കമല്‍, ഹവില്‍ദാര്‍മാരായ എം ജെ ഉണ്ണികൃഷ്ണന്‍, പി വിമല എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
Next Story

RELATED STORIES

Share it