Flash News

ഒളികാമറ വാര്‍ത്തയ്ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന : പോപുലര്‍ ഫ്രണ്ട്



കോഴിക്കോട്: കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനയെ ലക്ഷ്യംവച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന ഗൂഢനീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യാ ടുഡേ ചാനല്‍ നടത്തിയ ഒളികാമറ ഓപറേഷനെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയ്‌ക്കെതിരേ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണങ്ങള്‍ വഴിമുട്ടിയതോടെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ രൂപംകൊടുത്ത തിരക്കഥയുടെ ഭാഗമാണ് ഇതെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അനൗപചാരിക സംഭാഷണത്തില്‍ നിന്നുള്ള ഭാഗം അടര്‍ത്തിമാറ്റിയ ശേഷം പോപുലര്‍ ഫ്രണ്ടിനെതിരായ ചോദ്യങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്താണു വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. ഇക്കാര്യം അഭിമുഖം നല്‍കിയവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രിയും എന്‍ഐഎ വക്താവും ബിജെപി നേതൃത്വവും ഒരുമിച്ച് പ്രതികരണവുമായി രംഗത്തെത്തിയതു മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. വ്യാജവാര്‍ത്ത ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ മറ്റൊരു മാധ്യമസ്ഥാപനത്തില്‍ നിന്നു പുറത്താക്കപ്പെട്ടവരാണ് ഇന്ത്യാ ടുഡേക്ക് വേണ്ടി ഒളികാമറാ ഓപറേഷന്‍ നടത്തിയിരിക്കുന്നത്. ഇതോടെ വാര്‍ത്തയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരേ സംഘടന നിയമനടപടി സ്വീകരിക്കും. ഹാദിയ കേസിലടക്കം  നിയമപോരാട്ടവുമായി മുന്നോട്ടുനീങ്ങുന്നതും സംഘപരിവാര നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതുമാണ് പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍. തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യപരവും നിയമപരവുമായി നേരിടും. രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കു വിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളും പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയില്‍ ഇല്ല. സംഘടനയുടെ പ്രവര്‍ത്തനത്തിനു തടയിടാന്‍ കേന്ദ്രത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹാസമ്മേളനങ്ങളില്‍ ജനലക്ഷങ്ങളാണ് അണിചേരുന്നത്. ഈ ജനപിന്തുണയെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ഹീന ശ്രമങ്ങള്‍. മാധ്യമധാര്‍മികതയെ ബലികഴിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാധ്യമലോകം ജാഗ്രത പാലിക്കണം. ഇത്തരം വാര്‍ത്തകള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ മറ്റു പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത് ഗുണകരമല്ലെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it