ഒളികാമറാ വിവാദം ; ഹാജരാവാന്‍ റാവത്ത് കൂടുതല്‍ സമയം തേടി

ഡെറാഡൂണ്‍: ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ മുമ്പാകെ ഹാജരാവുന്നതിന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കൂടുതല്‍ സമയം തേടി. ഇന്നലെ അദ്ദേഹം സിബിഐ മുമ്പാകെ ഹാജരായില്ല. വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ പാട്ടിലാക്കാന്‍ റാവത്ത് കോഴ വാഗ്ദാനം ചെയ്യുന്ന സിഡി ദൃശ്യങ്ങള്‍ പുറത്തായതിനെത്തുടര്‍ന്നാണ് സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയത്. പ്രായോഗിക വിഷമങ്ങള്‍ മനസ്സിലാക്കി സിബിഐ കൂടുതല്‍ സമയം അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റാവത്ത് വാര്‍ത്താലേഖകരോടു പറഞ്ഞു. സിബിഐ മുമ്പാകെ ഹാജരായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. നാര്‍കോ പരിശോധനയ്ക്കും താന്‍ തയ്യാറാണ്- അദ്ദേഹം പറഞ്ഞു. നിയമസഭയിലെ വിശ്വാസവോട്ടിനു മുമ്പ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് റാവത്ത് സിബിഐ മുമ്പാകെ ഹാജരാവാതിരുന്നതെന്ന് അദ്ദേഹത്തിന്റെ മാധ്യമവിഭാഗം തലവന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തകനെ സിബിഐ ചോദ്യംചെയ്തിരുന്നു. ഒളികാമറാ ദൃശ്യം പകര്‍ത്തിയ സിഡി യഥാര്‍ഥമാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍, സിഡി വ്യാജമാണെന്നാണു റാവത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it