ഒളികാമറാ ഓപറേഷന്‍: രണ്ട് തൃണമൂല്‍ നേതാക്കള്‍ കൂടി കുടുങ്ങി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രണ്ടുനേതാക്കള്‍ കൂടി ഒളികാമറാ ഓപറേഷനില്‍ കുടുങ്ങി. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശംഖുദേബ് പാണ്ഡ, പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം അപരൂപ പൊദ്ദര്‍ എന്നിവര്‍ പണംവാങ്ങുന്ന ദൃശ്യം നാരദാ ന്യൂസ് ആണ് പുറത്തുവിട്ടത്. അപരൂപ പൊദ്ദര്‍ പണം വാങ്ങുന്നതായും ശംഖുദേബ് പാണ്ഡ വ്യവസായ സംരംഭത്തിലേക്ക് ഓഹരി ആവശ്യപ്പെടുന്നതായുമാണ് ദൃശ്യങ്ങളിലുള്ളത്. അപരൂപ പൊദ്ദര്‍ കറന്‍സി നോട്ടുകള്‍ കണ്ട് സന്തോഷിക്കുകയും പണം എടുത്തുവയ്ക്കാനായി ബാഗ് കൊണ്ടുവരാന്‍ സഹായിയോട് ഫോണില്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ഈ മാസം 14ന് ഇതേ ന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു. പുതിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തമല്ല. പുതിയ ദൃശ്യങ്ങളോട് പാണ്ഡ പ്രതികരിച്ചില്ല. അതേസമയം, വീഡിയോ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാര്‍ജിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നു.
കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗധരിയും സിപിഎം നേതാവ് റബിന്‍ദേവും തൃണമൂല്‍ സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൃണമൂല്‍ എംപിയും ദേശീയ വക്താവുമായ ഡെറിക് ഓബ്രിയന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കിയവര്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണിതെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ നന്ദിഗ്രാം എംഎല്‍എ മുഹമ്മദ് ഇല്‍യാസ് പണംവാങ്ങുന്ന ദൃശ്യം പാണ്ഡ സ്വയം ഷൂട്ട്‌ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഇല്‍യാസിനു നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it