ഒളികാമറാ ഓപറേഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ല: സുപ്രിംകോടതി

ഒളികാമറാ ഓപറേഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ല: സുപ്രിംകോടതി
X


സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഒളികാമറാ ഓപറേഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് സുപ്രിംകോടതി. 2015ല്‍ കോബ്രാപോസ്റ്റ്, ഗുലൈല്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ സംഘപരിവാര നേതാക്കളുമായി ഒളികാമറയുടെ സഹായത്താല്‍ നടത്തിയ റിപോര്‍ട്ടിങിന്റെ അടിസ്ഥാനത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിടണമെന്ന അപ്പീല്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ശരിവച്ചത്. ലൗ ജിഹാദ് എന്ന വാക്ക് മുസ്‌ലിം യുവാക്കളെ കുടുക്കാനായി തങ്ങള്‍ തന്നെ ഉണ്ടാക്കിയതാണെന്ന സംഘപരിവാര നേതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ പറ്റില്ലെന്നും വാര്‍ത്തകള്‍ മുഴുവന്‍ സത്യമാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ഇതേത്തുടര്‍ന്നാണ് ഹരജിക്കാരനായ മുഹമ്മദ് റിയാസ് സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം ഫയല്‍ ചെയ്ത അപ്പീല്‍, ഹാദിയ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഇന്നലെ പരിഗണിച്ചത്. കര്‍ണാടക ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രിംകോടതി, ഇത്തരം അപ്പീലുകള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തള്ളുകയായിരുന്നു. ഹരജിക്കാരനു വേണ്ടി പ്രമുഖ അഭിഭാഷകനായ സിദ്ധാര്‍ഥ് ദവെയാണ് കോടതിയില്‍ ഹാജരായത്. നിലവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് എന്ന പദം എവിടെ നിന്നു വന്നു, ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നീ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ദവെ ആവശ്യപ്പെട്ടത്. ലൗ ജിഹാദിനെ ഹാദിയ കേസുമായി ബന്ധപ്പെടുത്താനാവില്ലെന്നു വ്യക്തമാക്കിയ കോടതി, പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അപ്പീല്‍ തള്ളിയത്.  2015 സപ്തംബറിലാണ് കോബ്രാപോസ്റ്റും ഗുലൈല്‍ ഡോട്ട്‌കോമും കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സംഘപരിവാര നേതാക്കളെയും ബിജെപിയുടെ എംഎല്‍എമാരെയും എംപിമാരെയും ഒളികാമറ ഉപയോഗിച്ച് അഭിമുഖം നടത്തിയത്. മുസ്‌ലിം യുവാക്കളെ കെണിയില്‍ കുടുക്കുന്നതിന് ലൗ ജിഹാദ് എന്ന പദം ഞങ്ങള്‍ കണ്ടെത്തിയ തന്ത്രമാണെന്നായിരുന്നു മംഗലാപുരത്ത് നിന്നുള്ള ബിജെപി നേതാവ് ഒളികാമറയില്‍ വെളിപ്പെടുത്തിയിരുന്നത്. ദക്ഷിണ കന്നഡയിലെ 66 ശതമാനം പോലിസുകാരും ആര്‍എസ്എസിന്റെ അനുഭാവികളോ അംഗങ്ങളോ ആണെന്നും ലൗ ജിഹാദ് പോലെയുള്ള കേസുകളിലും കലാപസമയത്തും ഇവര്‍ തങ്ങളെ സഹായിക്കുന്നുണ്ടെന്നുമാണ് മറ്റൊരു ബിജെപി നേതാവ് വ്യക്തമാക്കിയത്. ഇതിനെക്കുറിച്ചെല്ലാം ഒരു സിഐഡിതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it