ഒളിംപിക് സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചുനീങ്ങണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒളിംപിക്സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചുനീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം പ്രളയദുരന്തം നേരിട്ട വേളയില്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച വിജയം നേടാന്‍ കായികതാരങ്ങള്‍ക്കു കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാല്‍ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിന്‍സന്‍ ജോണ്‍സണ്‍, വിസ്മയ വി കെ, നീന വി, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി യു ചിത്ര എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നു കാഷ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാര്‍ഡ് രക്ഷകര്‍ത്താക്കള്‍ ഏറ്റുവാങ്ങി. സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് 15 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷവും രൂപയാണു നല്‍കിയത്. 14 മെഡലുകളാണ് 10 താരങ്ങള്‍ നേടിയത്. മികച്ച പരിശീലകരെയും ആദരിച്ചു. ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ മുന്‍ താരം ബോബി അലോഷ്യസിനെ ചടങ്ങില്‍ ആദരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായും 249 പേര്‍ക്കു കൂടി ഉടന്‍ നല്‍കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
പോലിസില്‍ കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കി പോലിസ് ടീം മെച്ചപ്പെടുത്തും. എല്ലാ ജില്ലകളിലും മെച്ചപ്പെട്ട ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ നടപടിയായിട്ടുണ്ട്. കിഫ്ബിയില്‍ നിന്ന് 700 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നത്. കായികമേഖലയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപടി സ്വീകരിക്കും. അന്താരാഷ്ട്രനിലവാരമുള്ള കോച്ചുകളെ കേരളത്തിലെത്തിച്ച് കേരളതാരങ്ങളെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it