ഒളിംപിക്‌സ് നഷ്ടം; നിരാശ മറച്ചുവയ്ക്കാതെ ലയണല്‍ മെസ്സി

മാഡ്രിഡ്: റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കായി കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് ലോകത്തിലെ ഏറ്റവും മികച്ച താരം കൂടിയായ ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി വ്യക്തമാക്കി. ഒളിംപിക്‌സിനുള്ള ടീമില്‍ നിന്ന് മെസ്സിയെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ഒഴിവാക്കുകയായിരുന്നു. ഒളിംപിക്‌സിന്റെ അതേ സമയത്തു തന്നെ അമേരിക്കയില്‍ നടക്കാനിരിക്കുന്ന കോപ അമേരിക്കയില്‍ കളിക്കുന്നതിനുവേണ്ടിയാണ് മെസ്സിയെ തഴഞ്ഞത്.
2008ലെ ബെയ്ജിങ് ഒളിംപിക്‌സ് ഫുട്‌ബോള്‍ അര്‍ജന്റീനയ്ക്ക് സ്വര്‍ണം നേടിക്കൊടുക്കുന്നതില്‍ മെസ്സി നിര്‍ണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനാല്‍ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെസ്സിയെ കോച്ച് ടീമിലെടുത്തത്. കോപയുടെ 100ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്റാണ് ഇത്തവണ നടക്കാനിരിക്കുന്നത്.
''റിയോ ഒളിംപിക്‌സില്‍ അര്‍ജന്റീനയ്ക്കായി കളിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കാരണം, ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് അവിസ്മരണീയ അനുഭവമാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. 2005ലെ അണ്ടര്‍ 20 ലോകകപ്പ് പോലെയായിരുന്നു എനിക്ക് ഒളിംപിക്‌സ്. കിരീടം നേടാനായതു മാത്രമല്ല, നിരവധി പുതിയ കാര്യങ്ങളാണ് എനിക്ക് ഒളിംപിക്‌സിലൂടെ പഠിക്കാന്‍ സാധിച്ചത്. ഒളിംപിക്‌സ് വില്ലേജില്‍ താമസിച്ചതും മറ്റു കായിക ഇനങ്ങളിലെ ലോകോത്തര താരങ്ങളെ കാണാന്‍ സാധിച്ചതും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു'' - മെസ്സി മനസ്സ്തുറന്നു.
''ഒളിംപിക്‌സ് വില്ലേജില്‍ ഏറെ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും എനിക്ക് ആഹ്ലാദമേകുന്നു. ലോകകപ്പ് മഹത്തായ ടൂര്‍ണമെന്റാണെങ്കില്‍ ഒളിംപിക്‌സ് വളരെ പ്രത്യേകതയുള്ള മേളയാണ്''-താരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it