ഒറ്റ-ഇരട്ട നമ്പര്‍ ട്രാഫിക് പരിഷ്‌കാരം ഇരുചക്ര വാഹനങ്ങളെ ഉള്‍പ്പെടുത്തിയ നടപടിക്ക് സ്റ്റേ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒറ്റ-ഇരട്ട അക്ക ട്രാഫിക് പരിഷ്‌കാരത്തിന്റെ പരിധിയില്‍ ഇരുചക്ര വാഹനങ്ങളെ ഉള്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവു സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗത പരിഷ്‌കരണത്തില്‍ നിന്നു സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഇളവ് നല്‍കിയിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നു വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍ സ്ത്രീകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.
സത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കിയാണു 2017 നവംബര്‍ 11ന് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്. ഇതില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയാണു മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് സ്‌റ്റേ ചെയ്തത്.
ഇരുചക്ര വാഹനങ്ങള്‍ക്കും ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ബാധകമാക്കിയാല്‍ പൊതുഗതാഗത സംവിധാനത്തില്‍ ജനങ്ങളെ ഉള്‍ക്കൊള്ളിക്കല്‍ അസാധ്യമാവുമെന്ന് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഇന്നലെ സുപ്രിംകോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നഡ്കര്‍ണി വാദിച്ചു.
ഇരുചക്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കിയ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it