Second edit

ഒറ്റയ്‌ക്കോ, കൂട്ടായോ ?

ഒരു ജോലി ഒറ്റയ്ക്കു ചെയ്യുന്നതിനേക്കാള്‍ കൂട്ടായി ചെയ്യുന്നത് ഗുണംചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ വലിയ വാണിജ്യ- വ്യവസായ സംരംഭങ്ങളില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ആശയവിനിമയം വര്‍ധിപ്പിക്കുന്നതിന് മാനേജ്‌മെന്റ് പല നടപടികളും സ്വീകരിക്കാറുണ്ട്. അടച്ചിട്ട മുറികള്‍ക്കു പകരം തുറന്ന ഓഫിസുകള്‍ അങ്ങിനെയുണ്ടായതാണ്. ഐടി മേഖലയിലാണ് ഇത്തരം സംവിധാനങ്ങള്‍ കൂടുതല്‍ കാണുന്നത്. ഫേസ്ബുക്ക് ആസ്ഥാനത്ത് 40,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഓഫിസ് ഒരു മൈതാനം പോലെ തുറന്നതാണ്.
എന്നാല്‍, അമിതമായാല്‍ അമൃതും വിഷം എന്നു പറയാറില്ലേ. ഇക്കാര്യത്തിലും അതാണു സംഭവിക്കുന്നതെന്ന് ഹാവഡ് ബിസ്‌നസ് റവ്യൂ പറയുന്നു. ഒരാള്‍ സ്വകാര്യതയില്‍ ചെയ്യുന്ന ജോലികള്‍ കൂടുതല്‍ ഉല്‍പാദനക്ഷമമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുരങ്ങിനെപ്പോലെ ചാടിച്ചാടി പല ജോലികള്‍ ചെയ്യുന്നത് ചില മേഖലയില്‍ മാത്രമാണ് ഗുണപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.
ഐടി വിദഗ്ധന്മാരെ നിരന്തരമായി സംവാദത്തിനായി ഇരുത്തുന്നതും അവര്‍ക്ക് തുടര്‍ച്ചയായി ഇ- മെയില്‍ അയക്കുന്നതും മിക്കപ്പോഴും ഗുണത്തിനു പകരം ദോഷം ചെയ്യും. കമ്പനിയുടെ പ്രവര്‍ത്തനച്ചെലവു വര്‍ധിക്കുന്നു എന്നതാണ് അതുകൊണ്ടുള്ള പ്രധാന ദൂഷ്യം. പ്രഗല്ഭ മാനേജ്‌മെന്റ് വിദഗ്ധനായ, അന്തരിച്ച ഡോ. പീറ്റര്‍ ഡ്രക്കര്‍ ഒന്നുകില്‍ മീറ്റിങ് അല്ലെങ്കില്‍ ജോലി എന്നുതന്നെ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള ജോലിയും കൂട്ടായ ജോലിയും തമ്മിലുള്ള സമതുലനം നിലനിറുത്തുന്നതാണു പ്രധാനം.
Next Story

RELATED STORIES

Share it