kozhikode local

ഒറ്റമുറി വീട്ടില്‍ അധികൃതരുടെ കനിവ് കാത്ത് ചെല്ലമ്മയും കുടുംബവും

കുന്ദമംഗലം: ഒവുക്കരയില്‍ താമസിക്കുന്ന തൊണ്ണൂറുകാരിയായ ചെല്ലമ്മയും മകനും മകന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒറ്റമുറിയിലാണ്. ഇവരുടെ ഭക്ഷണം പാകം ചെയ്യലും കഴിക്കലും ഉറക്കവും ഈ ഒറ്റമുറിയില്‍ തന്നെ. കഴിഞ്ഞ 58 വര്‍ഷമായി തകര്‍ന്ന് വീഴാറായ ഈ വീട്ടില്‍ ഭീതിയോടെ കഴിയുകയാണ് കുടുംബം.
പത്താംക്ലാസ് പാസ്സായ മകന്റെ മകനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകളും ഈ ഒറ്റമുറിയിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് കുന്ദമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ശിവഗിരി കോളനിക്ക് സമീപം ഇവര്‍ ഒരു ചെറിയ വീട് വാങ്ങിയിരുന്നു. ലോണെടുത്തും സുഹൃത്തുക്കളോട് കടം വാങ്ങിയുമാണ് ഈ വീട് വാങ്ങിയത്. വെള്ളവും കക്കൂസ് സൗകര്യവും ഇല്ലാത്തത് കൊണ്ട് ഇവിടേക്ക് താമസം മാറാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ചെല്ലമ്മയുടെ മകന് അപ്പെന്റിക്‌സിന്റെ അസുഖം ബാധിച്ചതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ബാങ്കിലെ അടവ് മുടങ്ങുകയും ചെയ്തു. മകന് വല്ലപ്പോഴും ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഈ കുടുംബം കഴിച്ചുകൂട്ടുന്നത്.
ഇതിനിടയിലാണ് ഇവര്‍ വാങ്ങിയ വീട് ഇത്തവണത്തെ മഴയിലും കാറ്റിലും മേല്‍ക്കൂരയടക്കം നിലംപൊത്തിയത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ജീവിക്കുകയാണ് ഈ കുടുംബം. ഇവരുടെ ദുരവസ്ഥ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സീനത്ത് വീട് സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഇവരുടെ ദുരവസ്ഥക്ക് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Next Story

RELATED STORIES

Share it