Flash News

ഒറ്റപ്പെട്ട് ലക്ഷദ്വീപ്; 10 ബോട്ടുകള്‍ മുങ്ങി

കവരത്തി: ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്. കല്‍പേനി, മിനിക്കോയ് ദ്വീപുകളില്‍ വാര്‍ത്താവിനിമയ സംവിധാനം ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം മിനിക്കോയ് ദ്വീപില്‍ മാത്രം 14 സെമീ മഴയാണ് ലഭിച്ചത്. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മല്‍സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.
പേമാരിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള എട്ടു ബോട്ടുകള്‍ കവരത്തിക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇവിടെയെത്തിയ 12 ബോട്ടുകളില്‍ എട്ടെണ്ണമാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ കൂടി ദ്വീപിലേക്ക് തിരിച്ചു.  ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
140 കിലോമീറ്ററില്‍ അധികമാണ് ഇവിടെ കാറ്റിന്റെ വേഗം. കല്‍പേനി ദ്വീപിലെ ഹെലിപ്പാഡും കടല്‍ഭിത്തിയും ഭാഗികമായി കടലെടുത്തു. ലൈറ്റ് ഹൗസിനും കേടുപാടുണ്ടായി. തീരത്ത് കെട്ടിയിട്ട നിരവധി ബോട്ടുകള്‍ മുങ്ങി. നിരവധി വീടുകള്‍ തകര്‍ന്നു. തീരത്തോടടുത്ത് താമസിക്കുന്നവരെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കു മാറ്റി. മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ദ്വീപ് തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ബോട്ട് ജെട്ടി ഭാഗികമായി തകര്‍ന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ വലയ്ക്കുന്നുണ്ട്. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കു പോവേണ്ടിയിരുന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇവര്‍ക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. ഇതോടെ ബേപ്പൂരില്‍ 102 പേര്‍ കുടുങ്ങി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയതായുംപ്രത്യേക സംഘത്തെ അയക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും ലക്ഷദ്വീപ് എംപി അറിയിച്ചു.
Next Story

RELATED STORIES

Share it