palakkad local

ഒറ്റപ്പാലത്തെ കുടിവെള്ളക്ഷാമം രണ്ടു വര്‍ഷത്തിനകം പരിഹരിക്കും: മന്ത്രി പി ജെ ജോസഫ്

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കുന്നതിന് പുതിയ ജലവിതരണ പദ്ധതി ഭാവിയില്‍ പ്രയോജനപ്പെടുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഒറ്റപ്പാലം നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പിഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി 1995-96ല്‍ എല്‍ഐസി ധനസഹായത്തോടുകൂടി ആരംഭിച്ച പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പാലപ്പുറത്ത് പണി പൂര്‍ത്തിയായ ജലശുദ്ധീകരണശാലയില്‍ നിന്നും പ്രതിദിനം 13 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വിവിധ ജല സംഭരണികള്‍ വഴി നഗരസഭയില്‍ ലഭ്യമാവുക. ജലവിഭവ വകുപ്പിന്റെ പൈപ്പ് പോളിസിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പൈപ്പുകള്‍ മാത്രമാണ് ഇനി ജലവിതരണത്തിനായി ഉപയോഗിക്കുക. ജനങ്ങള്‍ കുടിവെള്ള പദ്ധതികളെ മാത്രമായി ആശ്രയിക്കാതെ നിലവിലുള്ള കിണറുകളും മറ്റു ജലസ്രോതസ്സുകളും നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏഴായിരത്തോളം ഗാര്‍ഹിക കണക്ഷനുകളും 212 ഗാര്‍ഹികേതര കണക്ഷനുകളും 446 പൊതു ടാപ്പുകളുമാണ് നഗരസഭയിലുള്ളത്. നഗരസഭയിലെ 36 വാര്‍ഡുകളിലേക്കും ഈ പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കാനാകും. 24 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയാലും സംഭരിച്ചു വച്ച ജലം ഉപയോഗിച്ച് കുടിവെള്ള വിതരണം മുടങ്ങാതെ നടത്താന്‍ കഴിയും. നാലുതരത്തിലുള്ള അത്യാധുനിക ശുദ്ധീകരണ പ്രക്രിയകള്‍ക്കും പരിശോധനക്കും ശേഷമാണ് പദ്ധതിയിലൂടെ കുടിവെള്ളം നഗരസഭയുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.
ചടങ്ങില്‍ എം ഹംസ എം എല്‍എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി, ഇ പ്രഭാകരന്‍, സുജിവിജയന്‍, ശശികുമാര്‍, ടി ലത, വി സുജാത, കെ പി രാമരാജന്‍, സത്യന്‍ പെരുമ്പറക്കോട്, പി എം എ ജലീല്‍, എസ് ഗംഗാധരന്‍, ടി എസ് ശ്രീകുമാര്‍, പ്രദീപ്കുമാര്‍, ബിജുമോന്‍ജേക്കബ്, പി കെ ചന്ദ്രമതി, ആര്‍ ഗിരിജ, ടി രവീന്ദ്രന്‍, ജോസ് തോമസ്, കെ സുരേഷ്, തോമസ്‌ജേക്കബ്, ടി ടി സിയാദ്, കാസിം, ശങ്കരന്‍കുട്ടി, എം സുഗതന്‍, ശിവപ്രകാശ്, ടി ഇബ്രാഹിം, ഇന്‍ചാര്‍ജ് പി വി സുരേഷ്‌കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it