palakkad local

ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റ് നിര്‍മാണം; അഞ്ചുകോടി വായ്പ അനുവദിക്കാന്‍ തീരുമാനം

ഒറ്റപ്പാലം: ത്രിശങ്കുവിലായ ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റ്‌നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അഞ്ചുകോടിയുടെ വായ്പ അനുവദിക്കാന്‍ തീരുമാനം.
കെയുആര്‍ഡിഎഫ്‌സിയാണ് അഞ്ചുകോടിയുടെ വായ്പ ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റിനു നല്‍കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി അറിയിച്ചു. മന്ത്രി മഞ്ഞളാംകുഴി അലി, ധനകാര്യവകുപ്പു ഡയറക്ടര്‍, കെയുആര്‍ഡിഎഫ്‌സി ചെയര്‍മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പുതുക്കിയ രൂപരേഖ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
സാങ്കേതികാനുമതി ലഭിച്ചാല്‍ നിര്‍മാണം പുനരാരംഭിക്കാനാണ് തീരുമാനം. ബസ്സ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി അനുവദിച്ച 14 കോടി ചെലവഴിച്ചിട്ടും 85 ശതമാനം പ്രവൃത്തികള്‍ മാത്രമാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. രൂപരേഖ തയാറാക്കുന്നതിനായി നഗരസഭാ ഡയറക്ടറുടെ നിര്‍ദേശപ്രകാരം എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സംഘവും ബസ്സ് സ്റ്റാന്റില്‍ പരിശോധന നടത്തി. അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികള്‍ക്കായി അഞ്ചുകോടിക്കടുത്ത് പദ്ധതി രൂപരേഖയും തയാറാക്കി. ചുറ്റുമതില്‍ നിര്‍മാണം, യാര്‍ഡ് നിര്‍മാണം, കൈവരി, മേല്‍ക്കൂരയ്ക്ക് ഷീറ്റിടല്‍, വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുള്ള ഗ്രൗണ്ട് ഒരുക്കലാണ് ഇനി നടത്തേണ്ട പ്രധാന പ്രവൃത്തികള്‍.
Next Story

RELATED STORIES

Share it