ഒറ്റപ്പാലം കടക്കാന്‍ അങ്കംമുറുക്കി മുന്നണികള്‍

കെ സനൂപ്

പാലക്കാട്: ഇടതുശക്തി കേന്ദ്രമായ ഒറ്റപ്പാലം വരുതിയിലാക്കാന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണിയെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി എ എ സുള്‍ഫിക്കറും ബിജെപി മധ്യമേഖലാ സെക്രട്ടറി പി വേണുഗോപാലും മല്‍സരരംഗത്തുണ്ട്.
സിപിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള ഒറ്റപ്പാലം ഇത്തവണയും മികച്ച ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. മായന്നൂര്‍ മേല്‍പ്പാലം, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക് തുടങ്ങിയവ വികസന നേട്ടങ്ങളായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ സിപിഎമ്മിനകത്തെ അസ്വാരസ്യങ്ങളും വിമതസാന്നിധ്യവും വോട്ടാക്കി മാറ്റാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. വിമതര്‍ക്ക് വ്യക്തമായ സ്വാധീനമുള്ള ഒറ്റപ്പാലം നഗരസഭാപ്രദേശം, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, കടമ്പഴിപ്പുറം മേഖല തുടങ്ങിയ ഇടങ്ങളിലെ സിപിഎം വോട്ടുകള്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ താമസം പ്രചാരണ രംഗത്ത് യുഡിഎഫിനെ ഒട്ടും പിന്നിലാക്കുന്നില്ല.
സിറ്റിങ് എംഎല്‍എ എം ഹംസയെ തഴഞ്ഞതും മണ്ഡലത്തിലെ സജീവ സാന്നിധ്യമായ ജില്ലാ കമ്മിറ്റിയംഗം പി കെ സുധാകരന് അവസരം നല്‍കാതിരുന്നതും സിപിഎമ്മിനകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പി ഉണ്ണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വന്‍ പോസ്റ്റര്‍ പ്രചാരണം പി കെ സുധാകരന്റെ പ്രവര്‍ത്തന മേഖലയായ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം മേഖലകളിലുണ്ടായി. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട സിപിഎം സ്ഥാനാര്‍ഥി പി ഉണ്ണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും ചാക്ക് രാധാകൃഷ്ണനുമായി ബന്ധമുള്ള നേതാക്കളെ ചൊല്ലി സിപിഎമ്മിനകത്തുണ്ടായ വിവാദങ്ങളും ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണ വിഷയമാക്കുന്നു. കളങ്കിത വ്യക്തികളെ സ്ഥാനാര്‍ഥികളാക്കില്ലെന്ന് വിഎസ് പറയുമ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറിയും അഴിമതി ആരോപണ വിധേയനുമായ പി ഉണ്ണിയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സിപിഎം അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആരോപിക്കുന്നു.
അതേസമയം, മലബാര്‍ സിമന്റ്‌സ് അഴിമതികളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന പി ഉണ്ണിക്കെതിരേ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്തതെന്നും അഴിമതിക്കെതിരേ പറയാന്‍ യുഡിഎഫിനു ധാര്‍മികതയില്ലെന്നും സിപിഎം പ്രചരിപ്പിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞതായും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫ് ക്യാംപ് അവകാശപ്പെടുന്നു.
42 കാരിയായ അഡ്വ. ഷാനിമോള്‍ നിയമസഭയിലേക്ക് രണ്ടാംതവണയാണ് മല്‍സരിക്കുന്നത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശം. എഐസിസിയുടെ കേരളത്തില്‍ നിന്നുളള ആദ്യ വനിതാസെക്രട്ടറിയായ ഷാനിമോള്‍ മഹിളാകോണ്‍ഗ്രസ് പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ ആസൂത്രണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ എഐസിസിയിലും കെപിസിസി നിര്‍വാഹക സമിതിയിലും അംഗമാണ്.
69 കാരനായ പി ഉണ്ണി സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സംസ്ഥാന കമ്മിറ്റി അംഗമാണ്. 1987 മുതല്‍ 97 വരെ സിഐടിയു ജില്ലാ സെക്രട്ടറിയും 98 മുതല്‍ 2012 വരെ സിപിഎം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, ഒറ്റപ്പാലം നഗരസഭ ഉള്‍ക്കൊള്ളുന്നതാണ് ഒറ്റപ്പാലം മണ്ഡലം. ലീഗിന് ശക്തമായ മേല്‍ക്കൈയുള്ള തച്ചമ്പാറ പഞ്ചായത്ത് ഒറ്റപ്പാലം മണ്ഡലത്തിലേക്ക് വന്നത് യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ അവസരമൊരുക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കണക്കുകൂട്ടുന്നു. സിപിഎം സ്വാധീനമുള്ള അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലെക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം നഗരസഭാ പ്രദേശങ്ങളിലെ വിമതരുടെ വോട്ടുകള്‍ ലഭിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it