palakkad local

ഒറ്റപ്പാലം എന്‍എസ്എസ് കോളജ് മാഗസിന്‍ പ്രിന്‍സിപ്പല്‍ പിന്‍വലിച്ചു

എസ് ആര്‍ ജയപ്രഭാത്

ഒറ്റപ്പാലം: എന്‍എസ്എസ് കോളജ് പുറത്തിറക്കിയ മാഗസിന്‍ വിവാദമായതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പിന്‍വലിച്ചു. കോളജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് കോളജ് മാഗസിന്‍ പുറത്തിറക്കിയത്.
കോളജ് മാഗസിനില്‍ ഭാരതാംബയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ആക്ഷേപവുമായി എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിക ള്‍ കോളജില്‍ പ്രകടനം നടത്തുകയും, മാഗസിന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ മാഗസിന്‍ പിന്‍വലിക്കാനും, കോളജിന് അനിശ്ചിതമായി അവധി നല്‍കാനും സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മാഗസിന്‍ പിന്‍വലിക്കുന്നതിന് മുമ്പ് എഡിറ്ററുമായോ പ്രതിനിധിയുമായോ ആലോചിച്ചിട്ടില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രന്‍സിപ്പലിനെ ഉപരോധിക്കുകയും ഒാഫിസിലും മുന്‍വശത്തും കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാര്‍, ഒറ്റപ്പാലം സിഐ എം വി മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
എസ്എഫ്‌ഐ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് യൂനിയന്‍ ചെയര്‍മാന്‍ അജിത്ത് പറഞ്ഞു. 'രണ്ടു വോട്ടിനായി വേട്ടപ്പട്ടികള്‍ നിന്റെ തൊപ്പിയിട്ട മക്കളെ ചുട്ടുകൊന്നപ്പോള്‍, നിന്റെ മാലാഖമാരുടെ മാനം കവര്‍ന്നപ്പോള്‍ നീ പുറം തിരിഞ്ഞു നിന്നെങ്കില്‍ അഭിവന്ദ്യ ആര്യ മാതാവേ നീ ഒരു വേശ്യയാകുന്നു'എന്നായിരുന്നു മഹാഭാരതം തലക്കെട്ടോടെ മാഗസിനിലെ വാചകങ്ങളെന്നും അതെങ്ങനെ അവഹേളിക്കലാകുമെന്നും മാഗസിന്‍ എഡിറ്റര്‍ ആനന്ദ് കിഷോര്‍ ചോദിക്കുന്നു.
അതേസമയം മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ ഇ ജയപ്രകാശ് ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷമേ കോളജ് തുറക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് അറിയിച്ചു. ക്രെയിസി ഫ്രെയിംസ് ആണ് മാഗസിന്റെ പ്രസാധകര്‍.
Next Story

RELATED STORIES

Share it