Idukki local

ഒറ്റദിവസം കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമില്‍ ഏഴടി വെള്ളം ഉയര്‍ന്നു

കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഏഴടി ഉയര്‍ന്നു. പുതിയ സാഹചര്യം വിലയിരുത്താന്‍ ഉപ സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. 30 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് അണക്കെട്ടിലേക്ക് ഇത്രയും ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴയാണ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്നത്. വ്യാഴാഴ്ച 121.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. തേക്കടിയില്‍ 119.62 ഉം മുല്ലപ്പെരിയാറില്‍ 61 മി.മീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് സെക്കന്റില്‍ 16022 ഘന അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍, 1400 ഘന അടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്. അടുത്ത കാലത്തെ ഏറ്റവും കൂടിയ 2011 നവംബര്‍ 11നാണ് ഉണ്ടായത്. സെക്കന്റില്‍ 15032 ഘന അടിയായിരുന്നു. 2009 നവംബറില്‍ 11788 ഘന അടി വെള്ളവും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇതേ സമയം ഒരു ദിവസം കൊണ്ട് ഇത്രയും വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഉപസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. അണക്കെട്ടിലെ അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് ചെയര്‍മാന്‍ വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുക.
Next Story

RELATED STORIES

Share it