kozhikode local

ഒറ്റത്തവണ പരിപാലന പദ്ധതി; റോഡ് വികസനത്തിന് 8.65 കോടി

കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ നഗര റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 8.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി സ്ഥലം എംഎല്‍എയും പഞ്ചായത്ത് സാമൂഹിക നീതി മന്ത്രിയുമായ ഡോ.എം കെ മുനീര്‍ അറിയിച്ചു.
മാങ്കാവ്-കോട്ടൂളി റോഡിന് 3.5 കോടി രൂപയും പാളയം-ജയില്‍ റോഡിന് 2 കോടി രൂപയും മേലേ പാളയം- പാളയം സബ്‌വേ റോഡ് 1.5 കോടി രൂപയുടേയും പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണാശ്ശേരി വാളപ്പുറം എന്‍ വി അവറാന്‍കുട്ടി ഹാജി റോഡിന് 50 ലക്ഷം രൂപ, പന്നിയങ്കര പഴയ ഇലക്ട്രിക് കമ്പനി മുതല്‍ വി.കെ.കൃഷ്ണമേനോന്‍ റോഡ് വരെ നവീകിരക്കുന്നതിന് 25ലക്ഷം രൂപ, വെസ്റ്റ് മാങ്കാവ്-തിരുവണ്ണൂര്‍ ക്ഷേത്രം-മിനിബൈപ്പാസ് റോഡിന് 25 ലക്ഷം രൂപ, കോവൂര്‍-പാലാഴി റോഡിന് 25 ലക്ഷം രൂപ, കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിന് 25 ലക്ഷം രൂപ, കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്‍ റോഡ് 15 ലക്ഷം എന്നിങ്ങനെയും ഭരണാനുമതി ലഭിക്കുകയുണ്ടായി.
നേരത്തെ ഒറ്റത്തവണ പരിപാലന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്രത്യേക പാക്കേജിന്റെ ഭാഗമായി അനുവദിച്ച 8 കോടി രൂപ ചിലവില്‍ പ്രവൃത്തി ആരംഭിച്ച ചാലപ്പുറം, പുതിയപാലം വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പുതിയപാലം-ചാലപ്പുറം-ഈസ്റ്റ് കല്ലായി റോഡ്, പുതിയപാലം-മൂര്യാട് റോഡ്, ചിന്താവളപ്പ്-ചാലപ്പുറം-പി.വി.സ്വാമി റോഡ്, പുതിയറ-ജയില്‍ റോഡ്ചിന്താവളപ്പ്— എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നു വരികയാണ്. ഈ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്.
കെഎസ്‌യുഡിപിയുടെ പ്രവൃത്തി നടന്നതിനാലാണ് ഈ റോഡുകളുടെ നവീകരണം വൈകിയത്. ഒന്നാം ഘട്ടത്തില്‍ മൊത്തം 18 കോര്‍പറേഷന്‍ റോഡുകളാണ് ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിരുന്നത്.
കൂടാതെ പന്നിയങ്കര-തിരുവണ്ണൂര്‍ റോഡിന്റെ 1.15കോടി രൂപ ചിലവില്‍ നടക്കുന്ന നവീകരണ പ്രവൃത്തിയും പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുകയാണ്. നഗര പാത വികസന പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയം പുതിയറ റോഡിന്റെ നവീകരണ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ച പ്രവൃത്തി—കളുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it