World

ഒര്‍ലാന്‍ഡോ വെടിവയ്പ്; മതീന്‍ ക്ലബ്ബിലെ സന്ദര്‍ശകനെന്ന് സാക്ഷികള്‍

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള സ്വവര്‍ഗാനുരാഗികളുടെ പള്‍സ് നിശാക്ലബ്ബില്‍ വെടിവയ്പു നടത്തിയ ഒമര്‍ മതീന്‍ ക്ലബ്ബിലെ നിത്യ സന്ദര്‍ശകനെന്ന് സാക്ഷികള്‍. മതീന്‍ ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് പള്‍സ് ക്ലബ് രക്ഷാധികാരി ജിം വാന്‍ ഹോണ്‍ അറിയിച്ചു. മതീന്‍ സ്വവര്‍ഗാനുരാഗവിരോധിയാണെന്ന തരത്തില്‍ സഹപാഠികളും മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്ന് മുന്‍ ഭാര്യയും അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തന്റെ മകന്റെ മനസില്‍ ഇങ്ങനെയൊരു ചിന്തയുള്ളതായി അറിയില്ലായിരുന്നു എന്നാണ് മതീമിന്റെ പിതാവ് സിദ്ദീഖ് മതീം കഴിഞ്ഞദിവസം പറഞ്ഞത്.
യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പില്‍ 50 പേരാണു കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേറ്റു. ഒമര്‍ മതീനിനെ പോലിസെത്തി വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 29കാരനായ മതീന്‍ ഐഎസിനു പുറമേ ഹിസ്ബുല്ല, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍ക്ക് പിന്തുണ അറിയിച്ചിരുന്നതായി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സായുധ സംഘടനകളെ പിന്തുണച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് 2013ല്‍ പത്തുമാസത്തോളം മതീനിനെക്കുറിച്ച് അന്വേഷണം നടത്തിയതായും എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് യുഎസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഓര്‍ലാന്‍ഡോ വെടിവയ്പില്‍ പ്രതിഷേധിച്ച് യുഎസിലെ വിവിധ നഗരങ്ങളില്‍ റാലികളും പ്രകടനങ്ങളും നടന്നു. ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, കാലഫോര്‍ണിയ, വെര്‍മൗത്, റോഡ് ഐലന്റ്, അലാസ്‌ക, കൊളറാഡോ, ജോര്‍ജിയ, ലൂസിയാന, മെരിലാന്റ്, മാസച്ചുസിറ്റ്‌സ്, നെവാദ, ന്യൂ മെക്‌സിക്കോ, ഓഹിയോ, ഓരെഗോണ്‍, ടെക്‌സസ്, പെന്‍സിന്‍വാനിയ എന്നിവിടങ്ങളില്‍ നടന്ന റാലികളില്‍ ആയിരക്കണക്കിനു പേര്‍ പങ്കാളികളായി. അതേസമയം, ആക്രമണം നടന്ന ഓര്‍ലാന്‍ഡോയില്‍ നാളെ സന്ദര്‍ശനം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണോടൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഒബാമ റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it