Azhchavattam

ഒരേ ഒരു നടന്‍

ഒരേ ഒരു നടന്‍
X






 




കോഴിക്കോടന്‍ നാടകവേദിയില്‍ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഒപ്പം നിന്ന ഒരേയൊരു നടന്‍ എന്ന വിശേഷണം സ്വന്തമായ ഒരാളേയുള്ളൂ- ടി സുധാകരന്‍. കെടിയുടെ പ്രിയനടന്‍ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച നാടകപ്രതിഭയെ ഓര്‍ക്കുകയാണ് സുഹൃത്തും നാടകപ്രവര്‍ത്തകനുമായ ലേഖകന്‍




sudhakaran



പി എ എം ഹനീഫ്

താ... എന്റെ ഉള്ളിലൊരു പക്ഷി ചിറകു മുറിഞ്ഞുവീഴുന്നു...
ഉള്ളാകെ ചോര പരക്കുന്നു...
സുധാകരന്‍, സ്റ്റേജ് നടന്‍ എന്ന കുഞ്ഞുവിശേഷണത്തിലൊതുങ്ങില്ല. മരത്തിനു മുകളിലും പുഴമധ്യേയും സുധാകരന്‍ ഡയലോഗ് കിട്ടിയാല്‍ നാടകം കളിക്കും.
കോഴിക്കോടന്‍ നാടകവേദിയില്‍ കുഞ്ഞാണ്ടിയേട്ടനു ശേഷം നാടകവേദിയിലെ ആധുനികതയ്‌ക്കൊപ്പം നിന്ന ഒരേയൊരു നടന്‍ എന്ന വിശേഷണം എന്റെ പ്രിയസുഹൃത്തുക്കളിലൊരാളായ സുധാകരനുമാത്രം അവകാശപ്പെട്ടതാണ്. എന്റെ റേഡിയോ നാടകങ്ങളില്‍ സുധാകരന്‍ ശബ്ദം നല്‍കിയിട്ടുണ്ട്... കോഴിക്കോട് ആകാശവാണിയില്‍ പലവുരു... ഖാന്‍ കാവിലും കെ എ മുരളീധരനുമൊക്കെ സ്റ്റുഡിയോയിലുണ്ടെങ്കിലും സുധാകരന്‍ വാശിപിടിക്കും.
'നില്‍ക്കെടോ ഹനീഫേ... റിക്കാഡിങ് കഴിഞ്ഞിറങ്ങാം.'
ഒടുവില്‍ വന്നത് സുല്‍ത്താന്‍വീടിന്... അഹങ്കരിച്ചും ഉന്മാദിച്ചും എത്രയോ ദിനരാത്രങ്ങള്‍ കണ്ണൂരിലും കോഴിക്കോട്ടും തലശ്ശേരിയിലും ഞങ്ങള്‍ അലറിച്ചിരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്തായിരുന്നു ടി സുധാകരന്റെ അഭിനയത്തിലെ ലോകധര്‍മിയിലും നാട്യധര്‍മിയിലും സവിശേഷമായ സൗന്ദര്യങ്ങള്‍... ശൈലീകൃതാഭിനയമാണ് സുധാകരന് ഏറെ സഹ്യം. രാവുണ്ണിയെ അനായാസമാക്കിയതു മാത്രമല്ല നാടകകൃത്തിന് പലേ ദൃശ്യങ്ങളും പൂരിപ്പിക്കാന്‍ പ്രേരണയായത്, സുധാകരന്‍ അഭിനയകാലത്ത് ഇട്ടെറിഞ്ഞ ചില നല്ല നിശ്ശബ്ദതകളാണ്. മഹാനായ നടന്‍, തനിക്കു കിട്ടിയ നാടകാനുഭവം വിശദമാക്കുമ്പോള്‍ നാടകകൃത്തിനു റിഹേഴ്‌സല്‍ കാലത്ത് ചിലതൊക്കെ യാദൃച്ഛികമായി വീണുകിട്ടും. വി കെ പ്രഭാകരന്റെ ഏഴാംമുദ്ര, സുലൈമാന്‍ കക്കോടിയുടെ ബഫൂണ്‍ സാമ്രാജ്യം, കെടിയുടെ വിവിധ നാടകങ്ങള്‍... സുധാകരന്റെ അഭിനയശേഷിയുടെ മഹാമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ചില നല്ല രചനകളാണിവയെല്ലാം.
അത്ര വിടര്‍ന്നു വിരിഞ്ഞ കണ്ണുകളല്ല സുധാകരന്റേത്. പക്ഷേ, 25 വര്‍ഷം മുമ്പുള്ള സുധാകരന്റെ കഷണ്ടിത്തലയും വികാരങ്ങള്‍ മിന്നിമറയുന്ന തുടുത്ത കവിളും എങ്ങനെയും വളച്ചുപിരിച്ച് ഊഞ്ഞാലാട്ടുന്ന ഉടലും അമച്വര്‍ നാടകവേദിയില്‍ സുധാകരന്റെ മാത്രം സമ്പാദ്യ പട്ടികയിലെണ്ണാം. നടന്‍ കുഞ്ഞാണ്ടിയുടെ ഈഡിപ്പസ് അനുഭവിച്ചവര്‍ സുധാകരന്റെ രാവുണ്ണിയും കുടുക്കയിലെ കഥാപാത്രവും മറക്കില്ല. കാരണം, സംവിധായകരായ കെ ആര്‍ മോഹന്‍ദാസിനും ജയപ്രകാശ് കാര്യാലിനും നടന്‍ സുധാകരനാണെങ്കില്‍ മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നാടകത്തിന്റെ 'അകവും പുറവും' സുധാകരന്റെ കൈയില്‍ ഭദ്രം.
കെ ടി മുഹമ്മദിന് ഏറെ പ്രിയപ്പെട്ട നടന്‍മാരിലൊരാളായിരുന്നു സുധാകരന്‍. സൃഷ്ടിയിലും സംഹാരത്തിലും കെടിയെ ഉത്തേജിപ്പിച്ച അഭിനയമുഹൂര്‍ത്തങ്ങള്‍. പ്രഫഷനല്‍ അഭിനയസങ്കേതങ്ങളും ശൈലിയും സുധാകരനു വഴങ്ങില്ലെങ്കിലും കെടിയോട് റിഹേഴ്‌സല്‍ ക്യാംപില്‍ കലഹിക്കാന്‍ സുധാകരന്നേ തുനിയൂ... സൃഷ്ടിയിലെ വിവിധ വേഷങ്ങള്‍ സുധാകരന്‍ അഭിനയിക്കുകയല്ല, അനുഷ്ഠിക്കുകയായിരുന്നു. മേരി ലോറന്‍സിലെ ലോറന്‍സ് പി എം താജിനുപോലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ സുധാകരനിലെ നടന്‍ വിശാലമായി കളിച്ചു. എന്‍ പി രാജേന്ദ്രന്റെ യയാതി സംക്ഷിപ്ത രൂപത്തില്‍ യയാതി ആയി സുധാകരനല്ലാതെ മറ്റൊരു നടന് അതപ്രാപ്യം.
നിരവധി സിനിമകളില്‍ കുഞ്ഞുവേഷങ്ങളില്‍ ഇടയ്‌ക്കൊക്കെ പ്രത്യക്ഷപ്പെട്ടെങ്കിലും സിനിമാരീതികള്‍ സുധാകരന് ഒട്ടും പഥ്യമല്ലായിരുന്നു. മകന്‍ സുധീഷ് സിനിമയില്‍ വേരുറപ്പിച്ചപ്പോഴും സുധാകരന്‍ സര്‍വസ്വമായ പുത്രനെ ഒന്ന് മാത്രം ഉപദേശിച്ചു:
'ചാന്‍സ് ചോദിച്ച് അലയണ്ട... കിട്ടുന്നത് കളിച്ചാല്‍ മതി...'
വിവിധ മല്‍സരവേദികളില്‍ ഞങ്ങള്‍ വിധികര്‍ത്താക്കളായി ഇരുന്നിട്ടുണ്ട്. അന്തിമ വിശകലനങ്ങളില്‍ മൂന്നു വിധികര്‍ത്താക്കളും തമ്മില്‍ പലപ്പോഴും കൊമ്പുകോര്‍ക്കാറുണ്ട്. ആവിഷ്‌കാരത്തോടുള്ള വ്യത്യസ്ത ആസ്വാദനത്തിന്റെ ഫലമാണത്. പക്ഷേ, സുധാകരേട്ടന്‍ 'വിധി' നിര്‍ണയിച്ചാല്‍ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.
റവന്യൂവിഭാഗം ഉദ്യോഗസ്ഥനായിരുന്നു സുധാകരന്‍. ജില്ലാ കലക്ടര്‍ തൊട്ട് താഴെ വില്ലേജ്ഓഫിസിലെ പ്യൂണ്‍ വരെ സുധാകരന്റെ തോളത്ത് കൈയിട്ടു നടക്കുന്നവരായി ഞാന്‍ കണ്ടു. കലക്ടര്‍ കെ ജയകുമാര്‍, അമിതാഭ് കാന്ത് കാലത്തൊക്കെ സുധാകരനിലെ നടനവൈഭവത്തെ അവര്‍ അറിഞ്ഞാദരിച്ചതിന് ഞാന്‍ സാക്ഷിയെങ്കിലുമാണ്. 2000 അവസാനം സുധാകരന്‍ 'കുഴഞ്ഞു'വീണു തുടങ്ങി. പക്ഷേ, നഗരത്തില്‍ ഫിലിമോല്‍സവിനും നാടകമേളയ്ക്കും മറ്റെന്തു സാംസ്‌കാരിക പരിപാടിക്കും നല്ലൊരു തൊപ്പിയണിഞ്ഞ് സുധാകരന്‍ ഹാജര്‍- തോളില്‍ അനുഭവങ്ങള്‍ നിറച്ച പൊക്കണവും. നാടകമായാലും സിനിമയായാലും അഴീക്കോടിന്റെ പ്രഭാഷണമായാലും പോളിന്റെ ചിത്രപ്രദര്‍ശനമായാലും സുധാകരന്‍ ഇടയ്‌ക്കെപ്പോഴെങ്കിലും അടുത്തിരിക്കുന്നവരുടെ കാതില്‍ സംസാരിച്ചു തുടങ്ങിയാല്‍ നൂറു ശതമാനം ഉറപ്പ്. ആ 'കളി' ഇടറിയിരിക്കുന്നു. ഒരു വേദിയില്‍ നിന്നും ആര്‍ക്കും മുഷിപ്പ് സൃഷ്ടിച്ച് സുധാകരന്‍ ഇറങ്ങിനടക്കില്ല. ആദ്യന്തം സാക്ഷിയായിരിക്കും.
കോഴിക്കോടിന്റെയോ മലബാറിന്റെയോ
അഭിനയനൈപുണ്യമല്ല ജനുവരി 4ന് ഒന്നരയോടെ സ്വകാര്യാശുപത്രിയില്‍ കണ്ണടച്ചത്. മലയാളത്തിന്റെ തനിത്തങ്കമാര്‍ന്നൊരു നടനവൈഭവമായിരുന്നുവത്... ഏറ്റവുമൊടുവില്‍ ഡിസംബര്‍ മധ്യത്തില്‍ ദിശാ സാംസ്‌കാരികവേദിയുടെ ചിത്രപ്രദര്‍ശന ചടങ്ങിനിടെ സുധാകരന്‍ കൈക്കുപിടിച്ച് ടൗണ്‍ഹാള്‍ പരിസരത്തുവച്ചു പറഞ്ഞു.
''എടോ, നമ്മുടെ അവനില്ലേ...'' ബാക്കി പറയാന്‍ അനുവദിക്കാതെ കലശലായ ചുമ സുധാകരനെ വശംകെടുത്തി. കണ്ണുകള്‍ പിടച്ചു. ശ്വാസം കിട്ടാന്‍ വിഷമിച്ചു. ഞാന്‍ കുറേനേരം കാത്തു.
''വാഹനം വിളിക്കട്ടെ...'' എന്നോട് 'പൊയ്‌ക്കോ' എന്ന് ആംഗ്യം കാട്ടി.
എന്തായിരുന്നു സുധാകരന്‍ എന്നോടു പറയാന്‍ തുനിഞ്ഞത്? ആരാണ്... ആ... അവന്‍... എനിക്കുറപ്പുണ്ട്. ഏതെങ്കിലും നാടകമായിരിക്കും, അതിലെ നടന്മാരിലാരെങ്കിലുമായിരിക്കും
വിഷയം.
ഒരു വാഹനാപകടത്തിലാണ് സുധാകരന് പ്രാണന്‍ പോകുമാറ് ശിരസ്സിനു ക്ഷതമേറ്റത്. അതിന് ഒരാഴ്ച മുമ്പ് കക്കോടിയിലൊരു കുട്ടികള്‍ക്കുള്ള അഭിനയപരിശീലന ക്യാംപ്. അഭിനയം പഠിപ്പിക്കവേ സുധാകരനൊരു 'ഇംെപ്രാവൈസേഷന്‍' നല്‍കി. അതിങ്ങനെ...
'ഒരാള്‍ മരിച്ചു കിടക്കുന്നു. ശവമഞ്ചത്തിന രികെ ധാരാളം ആളുകള്‍... ബന്ധുക്കള്‍... മക്കള്‍... അയല്‍ക്കാര്‍... ഓരോ മുഖഭാവങ്ങളും കാണിക്കൂ...'
അതായിരുന്നു ഏറ്റവും ഒടുവിലത്തെ നാടകബന്ധം. കോഴിക്കോട് ലളിതകലാ കാംപസ് പരിസരത്ത് ആ മൃതദേഹത്തിനു സമീപം കണ്ണുകള്‍ നിറച്ചും 'അഭിനയിച്ചും' നടന്നു നീങ്ങിയവരെ കണ്ടപ്പോള്‍ ഞാന്‍ ഈ അവസാന നാടക ക്യാംപ് ഓര്‍ത്തുപോയി. അത്രമേല്‍ 'ശ്രദ്ധാലു'വായിരുന്നു സുധാകരേട്ടന്‍... സ്‌നേഹഗുരു... നാടകീയ തകളുടെ പ്രവാചകന്‍...

Next Story

RELATED STORIES

Share it