Editorial

ഒരു ഹര്‍ത്താലും കുറേ വിവാദങ്ങളും

ഇക്കഴിഞ്ഞ 16ന് ഏതോ സോഷ്യല്‍ മീഡിയാ കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍, അതിനു പിന്നിലെ പ്രതികളില്‍ ചിലര്‍ പോലിസ് പിടിയിലായതോടെ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. കര്‍തൃത്വം വെളിപ്പെടുത്താത്ത ഹര്‍ത്താലാഹ്വാനത്തിന് അനുകൂല പ്രതികരണം ലഭിച്ചതിനു കാരണം കഠ്‌വയില്‍ ബാലിക ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തോടുള്ള അടങ്ങാത്ത രോഷവും കുറ്റവാളികളോടുള്ള  ഒടുങ്ങാത്ത അമര്‍ഷവുമായിരുന്നു. ക്ഷുഭിതയൗവനം തെരുവുകള്‍ കീഴടക്കുകയും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളും കക്ഷിരാഷ്ട്രീയമില്ലാത്തവരുമെല്ലാം ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുകയും ചെയ്തത് ഭരണകൂട ഏജന്‍സികളെയും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അമ്പരപ്പിച്ചു. സ്വന്തം ജാള്യവും കഴിവുകേടും മറയ്ക്കാന്‍ അവര്‍ കണ്ടെത്തിയ ഒരു എളുപ്പമാര്‍ഗമായിരുന്നു ഹര്‍ത്താലിന്റെ പിതൃത്വം 'മുസ്‌ലിം തീവ്രവാദ സംഘടനകളില്‍' കെട്ടിവയ്ക്കുകയെന്നത്.
ഒരു നേതൃത്വത്തിനു കീഴില്‍ സംഘടിപ്പിക്കപ്പെട്ടതല്ലാത്ത ഒന്നായതിനാല്‍ അങ്ങിങ്ങുണ്ടായ ചില്ലറ അനിഷ്ടസംഭവങ്ങളെ വ്യാപക അക്രമങ്ങളായും അഴിഞ്ഞാട്ടമായും പര്‍വതീകരിച്ച് ഹര്‍ത്താലിനെ മഹാപാതകമാക്കി മാറ്റുകയായിരുന്നു സര്‍ക്കാരും രാഷ്ട്രീയക്കാരും അവരുടെ മാധ്യമശിങ്കിടികളും. ശാസ്ത്രീയ സംവിധാനങ്ങളും അന്വേഷണ വൈദഗ്ധ്യവും എമ്പാടുമുണ്ടായിട്ടും ഹര്‍ത്താലിന്റെ പരിണതികളെക്കുറിച്ച് കൃത്യമായി റിപോര്‍ട്ട് ചെയ്യാനോ കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്ത ആഭ്യന്തരവകുപ്പ്, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ മുസ്‌ലിം തീവ്രവാദികള്‍ വര്‍ഗീയകലാപത്തിനു കോപ്പുകൂട്ടുകയായിരുന്നുവെന്ന മുന്‍വിധിയോടെയുള്ള തീര്‍പ്പിലെത്തിയെന്നതാണ് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം.
ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന കണ്ടെത്തലോടെ ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് അധികാരികള്‍ ശ്രമിക്കേണ്ടത്. തെളിവുകളുടെ അടിസ്ഥാനമില്ലാതെ മുസ്‌ലിം സംഘടനകള്‍ക്കു മേല്‍ ഉത്തരവാദിത്തം അടിച്ചേല്‍പ്പിച്ച ആഭ്യന്തരവകുപ്പാണ് ഇവിടെ ഒന്നാംപ്രതി. ആര്‍എസ്എസിനെതിരേ ജനരോഷമുയരുന്നത് ഇഷ്ടപ്പെടാത്ത കേരള പോലിസിന്റെയും രാഷ്ട്രീയകക്ഷികളുടെയും നികൃഷ്ടതാല്‍പര്യങ്ങളാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. സംഘപരിവാര വിധേയത്വം വേണ്ടതിലധികം പ്രകടിപ്പിക്കുന്ന പോലിസും ഇടതുസര്‍ക്കാരും കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നത് കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവത്തിനും സമുദായമൈത്രിക്കും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ സൃഷ്ടിക്കുകയെന്നു തിരിച്ചറിയാന്‍ വൈകരുത്.
Next Story

RELATED STORIES

Share it