ഒരു സ്‌കൂളില്‍ വ്യത്യസ്ത യൂനിഫോം വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുള്ള യൂനിഫോം എന്ന തത്വം പൂര്‍ണമായും നടപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോ തരത്തിലുളള യൂനിഫോം വേണമെന്ന രീതിയുണ്ടെന്നും ഇത് വിദ്യാഭ്യാസ ചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും കുട്ടികളില്‍ വളരെയേറെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. യൂനിഫോം തെറ്റായി ധരിച്ചത് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായി ധൃതിയില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യത്യസ്ത യൂനിഫോം നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും അത് മാറി ധരിക്കുന്നതിനിടയാവുന്നുവെന്നും ഇതുമൂലം കുട്ടികള്‍ മാനസിക പിരിമുറുക്കത്തിന് വിധേയരാവുന്നുണ്ടെന്നും വിവിധ ജില്ലകളില്‍ കമ്മീഷന്‍ കുട്ടികളുമായി നടത്തിയ സംവാദം പരിപാടിയില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കണമെന്ന ഉത്തരവ് നിലവിലില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it