ഒരു സഭാ സമ്മേളനത്തിലെ കാഴ്ചകള്‍

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
മൂന്നര വര്‍ഷം മുമ്പ് ആദ്യമായി പാര്‍ലമെന്റ് അംഗമായി എത്തിയപ്പോള്‍ സഭാ മന്ദിരത്തിന്റെ പടിയില്‍ തൊട്ടുവന്ദിച്ചാണ് നരേന്ദ്ര മോദി അങ്ങോട്ടു കടന്നത്. പ്രധാനമന്ത്രിയായിട്ടായിരുന്നു ആ വരവ്. ലോക്‌സഭയില്‍ പ്രധാനമന്ത്രിപദവിയോടെ കേറിവന്ന മഹാനവര്‍കള്‍ ആ സഭയോട് തുടക്കത്തില്‍ കാണിച്ച ആദരവ് തുടര്‍ന്നും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. കാരണം, സഭയുടെ ചരിത്രത്തില്‍ എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രീയമൊക്കെ ഉണ്ടെങ്കിലും ചില അടിസ്ഥാന മര്യാദകള്‍ പാലിച്ചിരുന്നു. അത്യുന്നതമായ പദവിയാണ് പ്രധാനമന്ത്രിയുടേത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും അപ്രകാരം തന്നെ. ആ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ കക്ഷിരാഷ്ട്രീയത്തിലൂടെ വന്നവരാണ്. പക്ഷേ, പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്; സ്വന്തം രാഷ്ട്രീയകക്ഷിയെ മാത്രമല്ല. അതിനാല്‍, വാക്കുകളിലും പ്രവൃത്തിയിലും സൂക്ഷ്മത പുലര്‍ത്താന്‍ എല്ലായ്‌പോഴും ആ പദവികളില്‍ ഇരുന്ന ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ മോദി അതൊക്കെ മറന്നു. പാകിസ്താന്‍ ചാരന്‍മാരുമായി തന്റെ മുന്‍ഗാമിയായ ഡോ. മന്‍മോഹന്‍ സിങ് മൂന്നു മണിക്കൂര്‍ നേരം രഹസ്യ ചര്‍ച്ച നടത്തി എന്നൊെക്കയാണ് പുള്ളിക്കാരന്‍ ഗുജറാത്തില്‍ കാച്ചിയത്. ഡല്‍ഹിയില്‍ മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനെ സംബന്ധിച്ചാണ് ടിയാന്‍ ഇതൊക്കെ പറഞ്ഞത്. അയ്യര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നതിനു മുമ്പ് വിദേശകാര്യ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടില്‍ പഠിക്കുന്ന സമയത്ത് സഹപാഠിയായിരുന്ന ഖുര്‍ഷിദ് കസൂരി പിന്നീട് പാകിസ്താനിലെ വിദേശകാര്യമന്ത്രിയായി. കസൂരിയും അയ്യരും പഠിക്കുന്ന കാലം തൊട്ടേ വലിയ സുഹൃത്തുക്കളുമായിരുന്നു. കസൂരി ഇന്ത്യയില്‍ ഒരു പരിപാടിക്കു വന്നപ്പോള്‍ പഴയ സുഹൃത്ത് അയ്യരുടെ വീട്ടില്‍ ഒരു വിരുന്നു സല്‍ക്കാരം നടത്തി. അതില്‍ വിദേശകാര്യരംഗത്തെ പ്രമുഖരും പത്രാധിപന്‍മാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. ഇന്ത്യ-പാക് ബന്ധങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. അതില്‍ ചാരപ്പണി കണ്ടെത്താന്‍ മോദിയുടെ കാകദൃഷ്ടിക്കു മാത്രമേ സാധിക്കൂ. ഏതായാലും മന്‍മോഹന്‍ സിങിന്റെ പേരിലുള്ള നിന്ദ്യമായ ആരോപണം ഇത്തവണ സഭയെ ആകെ പ്രക്ഷുബ്ധമാക്കിയിരുന്നു. ഡോ. സിങ് രാജ്യസഭാംഗമാണ്. അവിടെ അംഗങ്ങള്‍ അങ്ങേയറ്റം ക്ഷുഭിതരായി. പല ദിവസമാണ് അതിന്റെ പേരില്‍ സഭ തടസ്സപ്പെട്ടത്. അതില്‍ നിന്നു തടിയൂരാന്‍ സര്‍ക്കാര്‍ വല്ലാതെ പാടുപെട്ടു. മോദിക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങാനും വയ്യ, ഡോ. സിങിനോട് പരസ്യമായി മാപ്പു പറയാനും വയ്യ. എന്നാല്‍, മന്‍മോഹന്‍ സിങിനെ പോലുള്ള ഒരു മനുഷ്യനെക്കുറിച്ച് വൃത്തികേട് പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ മര്യാദകേട് മാത്രമെന്നേ ആളുകള്‍ ധരിക്കൂ. അത് എക്കാലത്തും ഒരു കറുത്ത പുള്ളിയായി മോദിയുടെ ജീവിതത്തില്‍ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍, സഭാ നേതാവ് അരുണ്‍ ജയ്റ്റ്‌ലിയെ ഇറക്കി തടി രക്ഷിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. മന്‍മോഹന്‍ സിങിന്റെ രാജ്യക്കൂറിനെ ചോദ്യം ചെയ്യുന്ന ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല എന്നാണ് ജയ്റ്റ്‌ലി പ്രസംഗിച്ചത്. അങ്ങനെ തോന്നിയെങ്കില്‍ അതില്‍ കടുത്ത പ്രയാസമുണ്ട്. അങ്ങനെയൊരു ദുരുദ്ദേശ്യവും പ്രധാനമന്ത്രിക്കോ സര്‍ക്കാരിനോ ഉണ്ടായിരുന്നില്ല. ഏതായാലും മോദിയുടെ ഗുജറാത്തിലെ വാചകമടി മോദിക്കു തന്നെ ബോറായി തോന്നിയെന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. മന്‍മോഹന്‍ജി സാധാരണനിലയില്‍ വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത മനുഷ്യനാണ്. പരമ ശാന്തന്‍. സ്വതേ പതിഞ്ഞ ശബ്ദത്തില്‍ മാത്രമേ സംസാരിക്കൂ. ആരെക്കുറിച്ചും മോശമായി ഒരക്ഷരം പറയുന്ന പതിവ് അദ്ദേഹത്തിനില്ല. പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷവും ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന നേരത്തും അതേ സ്വഭാവം തന്നെ. അങ്ങനെയുള്ള മനുഷ്യനെ കുത്തിനോവിച്ചത് ശരിയായില്ല എന്ന തോന്നല്‍ മോദിക്കുമുണ്ടെന്നു തോന്നുന്നു. കാരണം, ആദ്യം കിട്ടിയ സന്ദര്‍ഭത്തില്‍ മന്‍മോഹന്‍ജിയെ നേരില്‍ കണ്ട് ലോഹ്യം പറയാന്‍ പുള്ളിക്കാരന്‍ തിടുക്കം കാണിച്ചു. മര്യാദക്കാരനായതുകൊണ്ട് മന്‍മോഹന്‍ജി ദുര്‍മുഖം കാണിച്ചതുമില്ല. എന്നാല്‍, അന്തരീക്ഷത്തില്‍ മോദിയുടെ വായ്‌നാറ്റത്തിന്റെ ചീഞ്ഞ മണം നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് കഴുകിക്കളയാന്‍ സഭ പിരിയുന്ന നേരത്തും പ്രധാനമന്ത്രി ഉല്‍സാഹം കാണിച്ചു. പതിവില്ലാതെ മന്‍മോഹന്‍ജിയെ ചെന്നുകണ്ട് കൈകൊടുത്താണ് മഞ്ഞുകാല സമ്മേളനവേദിയില്‍ നിന്ന് മോദി ഇറങ്ങിയത്. വിടുവായത്തം പറയും മുമ്പ് അല്‍പം ആലോചിച്ചിരുന്നുവെങ്കില്‍ മോദി ഇത്തരമൊരു പ്രതിസന്ധിയില്‍ ചെന്നുചാടുകയില്ലായിരുന്നു. പക്ഷേ, എന്തു ചെയ്യാം, പശുഭക്തജനത്തിനു വിവേകം എന്നു പറയുന്നത് പടച്ച തമ്പുരാന്‍ നല്‍കിയിട്ടില്ലല്ലോ.
Next Story

RELATED STORIES

Share it